കേരള ക്ഷേത്ര സംരക്ഷണ സമ്മതിയുടെ 59-ാം സംസ്ഥാന സമ്മേളനം മെയ് 23, 24, 25 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും
തിരുവനന്തപുരം : കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ 59-ാം സംസ്ഥാന സമ്മേളനം മെയ് 23, 24, 25 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. 23 ന് ചിന്മയ പത്മനാഭത്തിൽ നടക്കുന്ന സംസ്ഥാന സമിതിയുടെ അവസാന യോഗം ചിന്മയ ട്രസ്റ്റിൻ്റെ ചീഫ് സേവക് സുരേഷ് മോഹൻ ഉദ്ഘാടനം ചെയ്യും. മുതിർന്ന ആർ എസ് . എസ് പ്രചാരകൻ എ. ഗോപാലകൃഷ്ണൻ മാർഗ്ഗനിർദ്ദേശം നൽകും. ഒരു വർഷത്തെ പ്രവർത്തനം വിലയിരുത്തുന്നതോടൊപ്പം അടുത്ത വർഷത്തെ പ്രവർത്തനങ്ങൾ സംബന്ധിച്ച ആസൂത്രണവും ഈ യോഗത്തിൽ ഉണ്ടാവും.
24 ന് രാവിലെ 8.30 ന് പ്രിയദർശിനി ഹാളിൽ സംസ്ഥാന പ്രസിഡൻ്റ് മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി പതാക ഉയർത്തും രാവിലെ 10 ന് സ്വാമി മോഷ വ്രതാനന്ദയുടെ അനുഗ്രഹ പ്രഭാഷണത്തോടെ സമ്മേളനം ആരംഭിക്കും. കേരള ഗാന്ധി കെ. കേളപ്പൻ പുരസ്കാരം ഈ യോഗത്തിൽ പ്രമുഖ കപ്പൽ വ്യവസായി എൻ.എം പണിക്കർക്ക് സമ്മാനിക്കും. ഒരു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവും കൃഷ്ണാജിനവും അടങ്ങുന്നതാണ് പുരസ്കാരം. രാവിലെ 11.30നാണ് ഔപചാരികമായ ഉത്ഘാടന ചടങ്ങ്. ആദരണീയനായ കേരള ഗവർണർ ആർ. വി. ആർലേക്കർ സമ്മേളനം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ മുഖ്യ പ്രഭാഷണം നടത്തും.
തുടർന്ന് സംഘടനാ സമ്മേളനത്തിൽ ആർ.എസ്.എസ് ഉത്തരപ്രാന്ത കാര്യവാഹ് പി. എൻ. ഈശ്വരൻ പ്രഭാഷണം നടത്തും. വൈകിട്ട് നടക്കുന്ന സ്ത്രീശക്തി സംഗമം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ അഡ്വ. ഒ.എം ശാലീന മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് കളരിപ്പയറ്റ് അടക്കമുള്ള കേരളീയ കലാരൂപങ്ങളുടെ പ്രദർശനവും ഉണ്ടാവും.
25-ാം തീയതി ഞായറാഴ്ച രാവിലെ സമ്മേളനങ്ങളിൽ ശ്രീ. എ ഗോപാലകൃഷ്ണൻ, വി.കെ വിശ്വനാഥൻ എന്നിവർ പങ്കെടുക്കും.