ദേശീയപാതയിലെ വിള്ളൽ; കെഎൻആർ കൺസ്ട്രക്ഷൻ കമ്പനിയെ ഡിബാർ ചെയ്തു

Spread the love

ദേശീയപാതയിലെ വിള്ളലിൽ നടപടി സ്വീകരിച്ച് കേന്ദ്രസർക്കാർ. കെ എൻ ആർ കൺസ്ട്രക്ഷൻ കമ്പനിയെ ഡിബാർ ചെയ്തു. കൺസൾട്ടന്റായ ഹൈവേ എൻജിനീയറിങ് കമ്പനിക്കും വിലക്കേർപ്പെടുത്തി. കമ്പനിക്ക് തുടർ കരാറുകളിൽ പങ്കെടുക്കാൻ ആകില്ല.

രാജ്യമെമ്പാടും 8700 കിലോമീറ്റർ ദൂരത്തിൽ ഹൈവേ നിർമ്മിച്ചിട്ടുണ്ട് എന്ന് അവകാശപ്പെടുന്ന സ്ഥാപനം പക്ഷെ കൂരിയാട്ടെ വീഴ്ചയെക്കുറിച്ച് കൃത്യമായ വിശദീകരണം ഇതുവരെയും നൽകിയിട്ടില്ല. സംസ്ഥാനത്ത് ഇപ്പോൾ നിർമ്മാണം നടക്കുന്ന ദേശീയ പാതയിൽ രണ്ട് റീച്ചുകളിലായി 77 കിലോമിറ്ററോളം നിർമ്മിക്കുന്നതും കെ എൻ ആർ ആണ്.

മലപ്പുറം കൂരിയാട് നിർമ്മാണത്തിലിരിക്കുന്ന ആറുവരി ദേശീയ പാത തകർന്ന ഭാഗങ്ങൾ വിദഗ്ധ സംഘം പരിശോധിച്ചിരുന്നു. ദേശീയ പാതാ അതോറിറ്റി നിയോഗിച്ച മൂന്ന് പേരടങ്ങുന്ന സ്വതന്ത്ര വിദഗദ സംഘമാണ് തകർന്നതിൻ്റെ കാരണവും നവീകരണ സാധ്യതകളും പരിശോധിയ്ക്കുന്നത്. വയലിൽ ആവശ്യമായ ബലം നൽകാതിരുന്നതിനാൽ മണ്ണു നീങ്ങിയതും ഇടിഞ്ഞു വീണതെന്നുമാണ് നിഗമനം. ഡോ. അനിൽ ദീക്ഷിത്, ഡോ. ജിമ്മി തോമസ് എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. റോഡ് തകർന്ന കൂരിയാടും വിള്ളലുണ്ടായ തലപ്പാറയിലും സംഘമെത്തി.

ഇവരുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാവും നിർമാണം പുനരാരംഭിയ്ക്കുക. വയലിൽ വിള്ളലുണ്ടായി മണ്ണ് നീങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് കെ എൻ ആർ പ്രൊജക്ട് ഡയരക്ടർ വിശദീകരിച്ചിരുന്നു. മഴവെള്ളം ഒഴുകിപ്പോവാനുള്ള സൗകര്യം പോലും പലയിടത്തുമില്ലെന്നും ഫ്ലൈ ഓവർ നിർമിയ്ക്കണമെന്നും വിദഗ്ദ്ധ സംഘത്തോട് നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *