കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളും ഹിന്ദി വെബ് വിലാസങ്ങളിലേക്ക് മാറുന്നു

Spread the love

കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളും ഹിന്ദി വെബ് വിലാസങ്ങളിലേക്ക് മാറുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇംഗ്ലീഷ് സൈറ്റിന് ഹിന്ദി യുആര്‍എല്‍ ആണ് ഉപയോഗിക്കുന്നത്. ഹിന്ദി ഭാഷാ അടിച്ചേല്‍പ്പിക്കുന്ന നടപടിയെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ശക്തമായി എതിര്‍ക്കുമ്പോഴാണ് കേന്ദ്രനടപടി.

ഹിന്ദി ഭാഷാ അടിച്ചേല്‍പ്പിക്കാനുളള നടപടി നരേന്ദ്രമോദി സര്‍ക്കാര്‍ എല്ലാ മേഖലയിലും നടപ്പാക്കി വരികയാണ്. കുട്ടികളുടെ ഇംഗ്ലീഷ് പാഠപുസ്തകങ്ങളില്‍ പോലും എന്‍സിഇആര്‍ടി ഹിന്ദി തലക്കെട്ട് ഉപയോഗിച്ച് കഴിഞ്ഞു. ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റും ഹിന്ദി ഡൊമെയ്‌നിലേക്ക് മാറുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇംഗ്ലീഷ് സൈറ്റിന് ഹിന്ദി യു.ആര്‍.എല്‍ ആണ് ഉപയോഗിക്കുന്നത്.

ഇപ്പോള്‍ mha.govt.in എന്ന് ടൈപ്പ് ചെയ്താല്‍ ഹിന്ദി യുആല്‍എലിലേക്കാണ് പോകുക. mha എന്ന് ഗൂഗിളില്‍ തെരഞ്ഞാലും ആദ്യം ദൃശ്യമാകുന്നത് ഹിന്ദി സൈറ്റാണ്. ഗൃഹ്കാര്യക്. സര്‍ക്കാര്‍. ഭാരത്/en എന്നാണ് നിലവിലെ യുആര്‍എല്‍. ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കല്‍ നയത്തിനെതിരെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും വ്യാപക പ്രതിഷേധം ഉയരുമ്പോഴാണ് ആര്‍എസ്എസ് അജണ്ട നടപ്പാക്കാനുളള കേന്ദ്രതീരുമാനം. 2019ലെ കണക്കനുസരിച്ച് 43 ശതമാനം ഇന്ത്യക്കാര്‍ ഹിന്ദി സംസാരിക്കുമെങ്കിലും ഹിന്ദി ഭാഷാ വായനക്കാരുടെ എണ്ണം കുറവാണ്. കേരളം, തമിഴ്‌നാട്, കര്‍ണാടകം ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദി ഭാഷ ഉപയോഗിക്കുന്നതും പരിമിതമാണ്.

പാര്‍ലമെന്റില്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എംപി ഉള്‍പ്പെടെയുളള കേരള, തമിഴ്‌നാട് അംഗങ്ങള്‍ കേന്ദ്രനീക്കത്തെ ശക്തമായി എതിര്‍ത്തിരുന്നു. തന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി ഹിന്ദിയില്‍ മറുപടി നല്‍കിയ കേന്ദ്ര റെയില്‍ സഹമന്ത്രി രവനീത് സിംഗ് ബിട്ടുവിന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി മലയാളത്തില്‍ കത്തയച്ച് പ്രതിഷേധം അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *