കാപ്പാ നിയമപ്രകാരം നാടു കടത്തി
കായംകുളം : സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെയും , ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്നവർക്കെതിരെയും ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി കായംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കായംകുളം വില്ലേജിൽ ചേരാവള്ളി മുറിയിൽ തോപ്പിൽ വീട്ടിൽ ഹക്കിം മകൻ മുബീൻ ( 23) നെ ആണ്✌️ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ അധികാരപരിധിയിൽ ആറ് മാസക്കാലത്തേക്ക് പ്രവേശിക്കുന്നത് തടഞ്ഞു കൊണ്ട് എറണാകുളം റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് അവർകളുടെ കാപ്പാ നിയമം 15 (1) പ്രകാരമുള്ള ഉത്തരവിന്റെയടിസ്ഥാനത്തിൽ ആലപ്പുഴ ജില്ലയിൽ നിന്നും നാടു കടത്തിയത്. കായംകുളം പോലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട ഇയാൾ കായംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമം, അടിപിടി മുതലായ കേസുകളിൽ പ്രതിയാണ്. വധശ്രമം, അടിപിടി തുടങ്ങി സ്ഥലത്ത് നിരന്തരം സമാധാന ലംഘന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വരുന്ന ആളായതിനാലാണ് ടിയാന്റെ ആലപ്പുഴ ജില്ലയിലെ സഞ്ചലനം നിരോധിക്കുന്നതിനായുള്ള ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ ശുപാർശയിലാണ് ഇയാൾക്കെതിരെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. സഞ്ചലന നിയന്ത്രണ ഉത്തരവ് കാലയളവിൽ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ മുൻകൂർ അനുമതിയില്ലാതെ ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചാൽ ടിയാനെതിരെ കാപ്പാ നിയമപ്രകാരം കൂടുതൽ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണ്. സാമൂഹ്യ വിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കെതിരെയും , ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്നവർക്കെതിരെയും ശക്തമായ നടപടികൾ തുടരുമെന്ന് കായംകുളം പോലീസ് അറിയിച്ചു.