നിയന്ത്രണരേഖയില്‍ കനത്ത ഏറ്റുമുട്ടല്‍, ഏഴിടങ്ങളില്‍ പാക് ഷെല്ലാക്രമണം; ശ്രീനഗര്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം വ്യോമസേന ഏറ്റെടുത്തു
ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ കനത്ത ഏറ്റുമുട്ടല്‍. ഏഴിടങ്ങളില്‍ ഷെല്ലാക്രമണം തുടരുന്നുവെന്നാണ് റിപ്പോർട്ട്. പാകിസ്ഥാന്റെ ഷെല്ലാക്രമണത്തിൽ അതിര്‍ത്തിയിലെ മൂന്ന് വീടുകള്‍ക്ക് തീപിടിച്ചു. ഉറി സലാമാബാദിലെ വീടുകള്‍ക്കാണ് തീപിടിച്ചത്.
പൂഞ്ച്, രജൗരി, കുപ്‌വാര മേഖലയിലും ഷെല്ലിങ്ങുണ്ടായി. ഒമ്പത് പ്രദേശവാസികൾക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. അതിനിടെ, ശ്രീനഗര്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം ഇന്ത്യന്‍ വ്യോമസേന ഏറ്റെടുത്തു. രാജസ്ഥാനിലെ അതിര്‍ത്തി ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നൽകി. ബിക്കാനീറിലും ബാര്‍മറിലും സ്‌കൂളുകള്‍ അടച്ചു. ജോധ്പൂര്‍ വിമാനത്താവളം അടച്ചു. ഇന്ത്യയുടെ തിരിച്ചടിയിൽ ബഹാവല്‍പൂരിലും മുരിദ്‌കെയിലുമാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ഇന്ത്യന്‍ സായുധ സേനയില്‍ അഭിമാനമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യന്‍ സേനക്ക് പിന്തുണയെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വ്യക്തമാക്കി. സൈന്യത്തിന്റെ ഭീകരവിരുദ്ധ നടപടികള്‍ക്ക് പിന്തുണ അറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ രംഗത്തെത്തി.