ഒമാനിൽ ആരംഭിക്കുന്ന മസ്‌കറ്റ് മെട്രോ പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തു വിട്ടു
ഒമാനിൽ ആരംഭിക്കുന്ന മസ്‌കറ്റ് മെട്രോ പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ അധികൃതർ പുറത്തു വിട്ടു. 50 കിലോമീറ്റർ വ്യാപ്തിയിൽ ആണ് മസ്കറ്റ് മെട്രോ വിഭാവനം ചെയ്തിരിക്കുന്നത്. പൊതുഗതാഗതം നവീകരിക്കാനുള്ള ഒമാന്റെ ശ്രമങ്ങളിലെ ഒരു പ്രധാന ചുവടുവയ്പ്പായി വിശേഷിപ്പിക്കുന്ന മസ്‌കറ്റ് മെട്രോയിൽ 36 സ്റ്റേഷനുകൾ ആണ് ഉണ്ടാവുക.
മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളം, ഘാല വാണിജ്യ മേഖല, അൽ-ഖുവൈർ നഗര കേന്ദ്രം എന്നിവടങ്ങൾ വഴി മെട്രോ കടന്നുപോകും. സുൽത്താൻ ഹൈതം നഗരത്തെ റൂവിയുടെ കേന്ദ്ര ബിസിനസ് കേന്ദ്രവുമായി ബന്ധിപ്പിക്കുന്ന ഈ മെട്രോ ശൃംഖല ഏകദേശം 50 കിലോമീറ്റർ വ്യാപിച്ചുകിടക്കും.
പ്രധാന മേഖലകളിലേക്ക് നിർണായക ലിങ്കുകൾ നൽകുന്ന സ്റ്റേഷനുകൾ ഉൾപ്പെടുത്തിയാണ് റൂട്ട് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഒമാൻ വിഷൻ 2040 പ്രകാരമുള്ള ഒരു മുൻനിര സംരംഭമെന്ന നിലയിൽ, മസ്‌കറ്റ് മെട്രോയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. മസ്ക്കറ്റിലെ ഭാവിയിലെ പൊതുഗതാഗത വികസനത്തിന്റെ ഒരു നാഴികക്കല്ലായി ഈ പദ്ധതി നിലകൊള്ളുമെന്നു അധികൃതർ കണക്കുകൂട്ടുന്നു.
ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും, പ്രധാന റെസിഡൻഷ്യൽ, വാണിജ്യ മേഖലകൾ തമ്മിലുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും
രൂപകൽപ്പന ചെയ്‌തിരിക്കുന്ന പദ്ധതി, മസ്‌കറ്റിലെ യാത്രാമാർഗ്ഗത്തെ പരിപോഷിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.