രാജ്യം കാത്തിരിക്കുന്ന ചരിത്ര ദൗത്യവുമായി ചന്ദ്രയാൻ വീണ്ടും ചന്ദ്രനിലേക്ക് : ഇനി മണിക്കൂറുകൾ മാത്രം
രാജ്യം കാത്തിരിക്കുന്ന ചരിത്ര ദൗത്യവുമായി ചന്ദ്രയാൻ വീണ്ടും ചന്ദ്രനിലേക്ക്. ഇന്ന് ഉച്ചക്ക് 2.35ന് ശ്രീഹരിക്കോട്ടയിൽ നിന്നാണ് ചന്ദ്രയാൻ മൂന്ന് കുതിച്ചുയരുക. ഇസ്രോയുടെ ഏറ്റവും കരുത്തനായ റോക്കറ്റ് എൽവിഎം 3 ആണ് ചന്ദ്രയാൻ മൂന്നിനെ ബഹിരാകാശത്ത് എത്തിക്കാൻ പോകുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്നാണ് ചന്ദ്രയാൻ മൂന്ന് യാത്ര തുടങ്ങുക.വിക്ഷേപണവുമായി മുന്നോട്ട് പോകാൻ ലോഞ്ച് ഓതറൈസേഷൻ ബോർഡ് അനുമതി നൽകിയിരുന്നു. വിക്ഷേപണം കഴിഞ്ഞ് നാൽപ്പത് ദിവസത്തിന് ശേഷമാണ് ചന്ദ്രയാൻ മൂന്ന് ലാൻഡർ ചന്ദ്രനിൽ ഇറങ്ങുക.വിക്ഷേപണം കഴിഞ്ഞ് പതിനാറാം മിനുട്ടിൽ പേടകം റോക്കറ്റിൽ നിന്ന് വേർപ്പെടും.ഭൂമിയിൽ നിന്ന് 170 കിലോമീറ്റർ എറ്റവും കുറഞ്ഞ ദൂരവും 36500 കിലോമീറ്റർ കൂടിയ ദൂരവുമായിട്ടുള്ള പാർക്കിംഗ് ഓർബിറ്റിലാണ് ആദ്യം പേടകത്തെ സ്ഥാപിക്കുക. അവിടുന്ന് അഞ്ച് ഘട്ടമായി ഭ്രമണപഥ മാറ്റത്തിലൂടെ ഭൂമിയുമായുള്ള അകലം കൂട്ടി കൂട്ടി കൊണ്ടുവരും.ഇതിന് ശേഷമാണ് ചാന്ദ്ര ഭ്രമണപഥത്തിലേക്കുള്ള പേടകത്തിന്റെ യാത്ര.ആസൂത്രണം ചെയ്തതുപോലെ തന്നെ എല്ലാ ഘട്ടങ്ങളും പൂർത്തിയായാൽ ദൗത്യം വിജയകരമായിരിക്കും. അങ്ങനെയെങ്കിൽ ആഗസ്റ്റ് 23നോ 24നോ ആയിരിക്കും ആ ചരിത്ര നിമിഷം കടന്നുവരിക. എല്ലാം വിജയകരമായി നടക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇസ്രോ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു.