പുലിപ്പല്ല് കൈവശം വെച്ച കേസ്: വേടനുമായുള്ള തെളിവെടുപ്പ് പൂര്‍ത്തിയായി
പുലിപ്പല്ല് കൈവശം വെച്ചെന്ന കേസില്‍ റാപ്പര്‍ വേടനുമായുള്ള തെളിവെടുപ്പ് പൂര്‍ത്തിയായി. തൃശ്ശൂരിലെ ജ്വല്ലറിയിലും വേടന്റെ വീട്ടിലുമായിരുന്നു വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഇന്നുരാവിലെ തെളിവെടുപ്പ് നടത്തിയത്. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനെത്തുടര്‍ന്ന് വേടനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേ സമയം സംവിധായകര്‍ ഉള്‍പ്പെട്ട കഞ്ചാവ് കേസില്‍ സംവിധായകന്‍ സമീര്‍ താഹിറിന് ഉടന്‍ നോട്ടീസ് അയക്കുമെന്ന് എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.
തൃശ്ശൂര്‍ വിയ്യൂരിലുള്ള സരസ ജ്വല്ലറിയിലായിരുന്നു വേടനുമായി വനംവകുപ്പ് സംഘം തെളിവെടുപ്പ് നടത്തിയത്.വേടന്റെ കൈവശമുള്ള പുലിപ്പല്ല് രൂപമാറ്റം വരുത്തി ലോക്കറ്റാക്കി മാറ്റിയത് ഇവിടെയാണെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്.പുലിപ്പല്ല് ലോക്കറ്റാക്കിയത് തന്റെ ജ്വല്ലറിയിലാണെന്ന് ഉടമ സന്തോഷ്‌കുമാര്‍ വനംവകുപ്പിനെ അറിയിച്ചു.
എന്നാല്‍ യഥാര്‍ത്ഥ പുലിപ്പല്ലാണെന്നറിയാതെയാണ് ലോക്കറ്റ് കെട്ടിനല്‍കിയതെന്നും ജ്വല്ലറിയുടമ പറഞ്ഞു. തുടര്‍ന്ന് വേടന്റെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തിയ ശേഷം തിരികെ കോടനാട് റേഞ്ച് ഓഫീസിലേക്ക് എത്തിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കൊച്ചി കണിയാമ്പുഴയിലെ താമസസ്ഥലത്തെത്തിച്ചും തെളിവെടുപ്പ് നടത്തിയിരുന്നു. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനെത്തുടര്‍ന്ന് വേടനെ ബുധനാഴ്ച പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കും. വെള്ളിയാഴ്ച്ചയാണ് വേടന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുക.
പുലിപ്പല്ലാണെന്നറിയില്ലായിരുന്നുവെന്നും ആരാധകനാണ് തനിക്കിത് സമ്മാനിച്ചതെന്നും വേടന്‍ മൊഴി നല്‍കിയിരുന്നു. വേടന് പുലിപ്പല്ല് നല്‍കിയ ശ്രീലങ്കന്‍ പൗരനെക്കുറിച്ച് വനംവകുപ്പ് അന്വേഷിച്ച് വരികയാണ്. അതേസമയം സംവിധായകര്‍ ഉള്‍പ്പെട്ട കഞ്ചാവ് കേസില്‍ കഞ്ചാവ് പിടിച്ചെടുത്ത ഫ്‌ലാറ്റിന്റെ ഉടമയായ സംവിധായകന്‍ സമീര്‍ താഹിറിനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ എം എഫ് സുരേഷ് പറഞ്ഞു.ഫ്‌ലാറ്റില്‍ ഒന്നരമാസമായി ലഹരി ഉപയോഗം നടക്കുന്നതായി സൂചനയുണ്ടെന്നും എം എഫ് സുരേഷ് അറിയിച്ചു.
കഞ്ചാവ് വില്‍പ്പനക്കാരനെ പരിചയപ്പെടുത്തിയയാളെ ഉടന്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. കേസില്‍ നേരത്തെ അറസ്റ്റിലായ സംവിധായകരായ ഖാലിദ് റഹ്മാന്‍,അഷ്‌റഫ് ഹംസ എന്നിവരെ ആവശ്യമെങ്കില്‍ വീണ്ടും വിളിച്ചുവരുത്തുമെന്നും എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.