വര്‍ഷങ്ങള്‍ക്ക് ശേഷം വിദേശത്ത് ടെസ്റ്റ് ജയിച്ച് സിംബാബ്‌വെ; ബംഗ്ലാദേശിന് വീണ്ടും നാണക്കേട്
വര്‍ഷങ്ങള്‍ക്ക് ശേഷം വിദേശത്ത് ടെസ്റ്റ് മത്സരം ജയിച്ച് സിംബാബ്‌വെ. ബംഗ്ലാദേശിലെ സില്‍ഹെറ്റില്‍ നടന്ന ആദ്യ ടെസ്റ്റില്‍ മൂന്ന് വിക്കറ്റിന് ആണ് സിംബാബ്‌വെയുടെ ജയം. ഇതോടെ രണ്ട് മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ സിംബാബ്‌വെ 1-0 ന് മുന്നിലെത്തി. സ്കോര്‍: ബംഗ്ലാദേശ്: 191& 255, സിംബാബ് വെ: 273& 174/7
നാലാം ഇന്നിങ്സിലെ ഉയര്‍ന്ന ചേസ് വിജയകരമായി പൂര്‍ത്തിയാക്കിയാണ് സിംബാബ്‌വെ ജയിച്ചത്. സിംബാബ്‌വെയുടെ അഞ്ചാമത്തെ വിദേശ ടെസ്റ്റ് വിജയമാണിത്. കഴിഞ്ഞ 11 ടെസ്റ്റുകളിലെ അവരുടെ ആദ്യ വിജയം കൂടിയാണിത്. അവസാന മൂന്ന് വിജയങ്ങളും വിദേശത്തായിരുന്നു.
ഒമ്പത് വിക്കറ്റ് നേട്ടത്തോടെ ബ്ലെസിങ് മുസാരബാനിയാണ് സിംബാബ്‌വെ വിജയത്തിന്റെ ശില്‍പി. മുസാരബാനിയാണ് കളിയിലെ താരം. രണ്ട് ഇന്നിങ്സുകളിലുമായി ഒമ്പത് വിക്കറ്റ് ആണ് മുസാരബാനി നേടിയത്. എന്നാല്‍, ചേസിങില്‍ 50 റണ്‍സില്‍ താഴെ മാത്രം ആവശ്യമുള്ളപ്പോള്‍ സിംബാബ്‌വെ തകര്‍ന്നിരുന്നു. ഈ സമയത്ത് വെസ്ലി മധേവെരെയും 9-ാം നമ്പറില്‍ ഇറങ്ങിയ റിച്ചാര്‍ഡ് നഗാരവയുമാണ് രക്ഷകരായത്. ബംഗ്ലാദേശിന്റെ മെഹിദി ഹസന്‍ മിറാസ് രണ്ട് ഇന്നിങ്സുകളിലുമായി പത്ത് വിക്കറ്റ് നേടി.