പാകിസ്ഥാനെതിരെ നടപടി കടുപ്പിച്ച് ഇന്ത്യ; പഹല്‍ഗാം ആക്രമണം രാജ്യത്തിന്‍റെ ആത്മാവിനേറ്റ മുറിവ്, തിരിച്ചടിക്കുമെന്ന് പ്രധാനമന്ത്രി
പാകിസ്ഥാനെതിരെ നടപടി കടുപ്പിച്ച് ഇന്ത്യ. പാക് സര്‍ക്കാരിന്‍റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടും ഇന്ത്യ നിരോധിച്ചു. ഭീകരവാദികള്‍ക്ക് പ്രതീക്ഷിക്കാന്‍ പോലും കഴിയാത്ത രീതിയില്‍ ശിക്ഷ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണം രാജ്യത്തിന്‍റെ ആത്മാവിനേറ്റ മുറിവാണെന്ന് പറഞ്ഞ അദ്ദേഹം ഇന്ത്യ ഒറ്റക്കെട്ടായി രോഷം പ്രകടിപ്പിക്കുമെന്നും വ്യക്തമാക്കി. ആക്രമണം നടത്തിയവരെയും ഗൂഢാലോചന നടത്തിയവരെയും വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ദേശീയ പഞ്ചായത്ത് രാജ് ദിനവുമായി ബന്ധപ്പെട്ട് ബിഹാറിലെ മധുബനിയില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് പ്രധാനമന്ത്രി പ്രതികരിച്ചത്.
ദില്ലിയില്‍ ചേര്‍ന്ന സുരക്ഷാകാര്യങ്ങള്‍ക്കുളള മന്ത്രിസഭാ സമിതി പാക്കിസ്ഥാനെതിരെ കൈക്കൊണ്ട കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ് ഇന്ത്യ. പാക് ഹൈക്കമീഷനിലെ പ്രതിരോധ/സൈനിക, നാവിക, വ്യോമ ഉപദേഷ്ടാക്കള്‍ ഒരാഴ്ചയ്ക്കകം ഇന്ത്യ വിടണമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി പാക് ഉന്നത നയതന്ത്രജ്ഞന്‍ സാദ് അഹമ്മദ് വാറൈച്ചിനെ വിളിച്ചുവരുത്തി ഉടന്‍ രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടു. അസ്വീകാര്യര്‍ എന്ന് പ്രഖ്യാപിച്ച് പാക് സേനാ ഉപദേഷ്ടാക്കള്‍ക്കും നോട്ട് നല്‍കി കഴിഞ്ഞു. ദില്ലിയിലെ ഹൈക്കമ്മീഷന് മുന്നില്‍ നല്‍കിയിരുന്ന സുരക്ഷയും ഇന്ത്യ പിന്‍വലിച്ചു. ഹൈക്കമ്മീഷന് മുന്നിലെ ബാരിക്കേഡുകള്‍ പൊലീസ് നീക്കി.
ഹൈക്കമ്മീഷന്‍ കാര്യാലയത്തിന് മുന്നിലേക്ക് പ്രതിഷേധവും ഉയര്‍ന്നിരുന്നു. പാക്കിസ്ഥാന്‍ മൂര്‍ദാബാദ് എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. 1960ലെ സിന്ധുനദീജല കരാര്‍ മരവിപ്പിക്കുക, വാഗ-അട്ടാരി അതിര്‍ത്തികള്‍ അടയ്ക്കുക, പാക് പൗരന്മാര്‍ക്കുളള സാര്‍ക് വിസ ഇളവുകള്‍ റദ്ദാക്കുക, മെയ് 1 ഓടെ ഹൈക്കമീഷനുകളുടെ ആകെ അംഗസംഖ്യ നിലവിലുള്ള 55 ല്‍ നിന്ന് 30 ആയി കുറയ്ക്കുന്നതടക്കം കടുത്ത നടപടികളാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്.