പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് ലഹരി വിരുദ്ധ ക്യാമ്പയിൻ; പ്രചരണ ജാഥ മെയ് 5 ന് കാസർഗോഡ് നിന്ന് ആരംഭിക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ
പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കം കുറിക്കുന്നതായി മന്ത്രി വി അബ്ദുറഹ്മാൻ. പഞ്ചായത്ത്- ജില്ലാ പഞ്ചായത്ത് കൗൺസിലുകളെ ബന്ധിപ്പിച്ചാകും പദ്ധതി. ലഹരി ഉപയോഗിച്ചുകൊണ്ടുള്ള അക്രമത്തിനെതിരെയുള്ള പ്രചരണമാണ് നടത്തുന്നത്. എല്ലാ പഞ്ചായത്തുകൾക്കും സ്പോർട്സ് കിറ്റുകൾ നൽകും. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കായികതാരങ്ങൾ ഇതിന്റെ ഭാഗമാകും.
പരിപാടിയുടെ ഭാഗമായി ജില്ലാതല മാരത്തോൺ നടക്കും. പ്രചരണ ജാഥ മെയ് 5 ന് കാസർഗോഡ് നിന്ന് ആരംഭിക്കും. എറണാകുളത്തായിരിക്കും ലഹരി വിരുദ്ധ പ്രചാരണ ജാഥയുടെ സമാപനം. യുവജനങ്ങളെ കായിക മേഖലയിലേക്ക് ശ്രദ്ധ ക്ഷണിക്കാനുള്ള ഒരു വർഷത്തെ പദ്ധതിയുടെ ഭാഗമായാണ് പരിപാടി. കളിക്കളങ്ങൾ വീണ്ടെടുക്കുന്നത് യാത്രയുടെ പ്രധാന ലക്ഷ്യം. കായിക മന്ത്രി ജാഥ ക്യാപ്റ്റൻ ആകും.
മെസ്സിയുടെ വരവിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. അർജൻ്റീന ഫുട്ബോൾ ഫെഡറേഷൻ ടീം കേരളത്തിൽ വന്ന ശേഷം സംയുക്ത വാർത്ത സമ്മേളനം ഉണ്ടാകും. മെസി എത്തുന്ന തീയതിയെ സംബന്ധിച്ച് അതിൽ പറയാം. ഈസ്റ്ററിന് ശേഷം എത്തും എന്നാണ് അധികൃതർ അറിയിച്ചത്. അടുത്ത ദിവസങ്ങളിൽ തന്നെ അർജൻ്റീന ഫുട്ബോൾ ഫെഡറേഷൻ കേരളത്തിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു.