ലോകത്തിലെ കോടീശ്വരന്‍മാരുടെ പട്ടിക ഫോബ്സ് മാഗസിൻ പുറത്തുവിട്ടു : മലയാളികൾ യൂസഫ് അലി ഒന്നാമത്
ദുബൈ: ലോകത്തിലെ കോടീശ്വരന്‍മാരുടെ പട്ടിക ഫോബ്സ് മാഗസിൻ പുറത്തുവിട്ടു. 211 ശതകോടിയുമായി ലൂയി വിറ്റന്‍ ഉടമ ബെര്‍ണാഡ് അര്‍നോള്‍ഡാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍. 2,640 സമ്പന്നരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ സമ്പന്നരിൽ, ഗൗതം അദാനിയെ പിന്നിലാക്കിക്കൊണ്ട് മുകേഷ് അംബാനി ഒന്നാം സ്ഥാനം തിരിച്ച് പിടിച്ചു.പട്ടികയിലെ മലയാളികളില്‍ ഒന്നാമൻ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയാണ്. 530 കോടി ഡോളറുമായാണ് യൂസഫലി മലയാളികളിൽ ഒന്നാം സ്ഥാനത്തെത്തിയത്. ലോക റാങ്കിൽ 497-ാം സ്ഥാനമാണ് യൂസഫ് അലിയുടേത്.ടെസ്ല സ്ഥാപകൻ ഇലോൺ മസ്കാണ് ലോക സമ്പന്നരിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. 180 ശതകോടി ഡോളറുമായാണ് മസ്‌ക് രണ്ടാം സ്ഥാനം നേടിയത്. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് 114 ശതകോടിയുമായി മൂന്നാം സ്ഥാനം നേടി. ലോകത്തെ പകുതിയോളം കോടീശ്വരന്മാരുടെ സമ്പത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇടിവുവന്നെന്നാണ് ഫോബ്‌സിൻ്റെ വിലയിരുത്തൽ. 250 പേർ പട്ടികയിൽ നിന്നും പുറത്തായതായും 150 പേർ പുതുതായി പട്ടികയിൽ ഇടം നേടിയതായുമാണ് റിപ്പോർട്ട്.