മൃദു ഭാവേ ദൃഡ കൃത്യേ! സേനയുടെ ഭാഗമായി പാസിങ്ങ് ഔട്ട് നടത്തിയത് അടുത്തടുത്ത ദിവസം;
മൃദു ഭാവേ ദൃഡ കൃത്യേ! സേനയുടെ ഭാഗമായി പാസിങ്ങ് ഔട്ട് നടത്തിയത് അടുത്തടുത്ത ദിവസം; കൊല്ലത്തുണ്ട് രണ്ട് പൊലീസ് സഹോദരങ്ങൾ
കൊല്ലം: ജീവിതത്തിന്റെ ദുരിതങ്ങൾ എത്രതളർത്തിയാലും പൊരുതി ജയിക്കുമെന്ന് പറയാറില്ലേ അത്തരത്തിൽ മാതൃകയാകുകയാണ് സഹോദരങ്ങളായ ഷബീറും ഷംനാദും. കരുനാഗപ്പള്ളി കുലശേഖരപുരം പുത്തൻ കണ്ടത്തിൽ കബീർ- ബസ് രിയ ദമ്പതികളുടെ മക്കളായ ഷബീറും ഷംനാദും കൃത്യനിർവഹണത്തിനായി പൊലീസ് സേനയുടെ കുപ്പായമിടുമ്പോൾ നിശ്ചയദാർഡ്യത്തിന്റെ പാഠമുണ്ട്. ബികോം ബിരുദം പൂർത്തിയാക്കിയ സഹോദരന്മാർ പഠനത്തോടൊപ്പം തൊഴിലും നേടി. ചെന്നൈയിൽ അക്കൗണ്ട്സ് മാനേജരായി ജോലി ചെയ്തിരുന്ന ഷംനാദ് ഷോർട്ട് ഫിലിം സംവിധാനത്തിലും തിളങ്ങി. ജോലികൾക്കിടയിൽ ലഭിക്കുന്ന ഇടവേളകളിലെല്ലാം തീവ്രമായ പി.എസ്.സി പരീക്ഷയ്ക്കായി പഠിച്ചു. രാത്രി ഉറക്കമിളച്ചും ആ പഠനം സഹോദരന്മാർ തുടർന്നു. നീണ്ട നാളത്തെ കഷ്ടപ്പാടിന് ഫലം കണ്ടത് കഴിഞ്ഞ വർഷം ജൂണിലാണ്. 2024 ജൂൺ 24 ന് കെ.എ.പി മൂന്നാം ദളം പത്തനംതിട്ടയിലേക്ക് ട്രയിനിങ്ങിനായി ഷബീറിന് മെമ്മോ വന്നു. തൊട്ടടുത്ത ദിവസം കെ.എ.പി രണ്ടാം ദളത്തിൽ ട്രയിനിങ്ങിനായുള്ള മെമ്മോ ഷംനാദിനേയും തേടിയെത്തി.
.മൃതുഭാവേ ദൃഢ കൃത്യേ എന്ന ആപ്തവാക്യം ഇനി ഈ സഹോരന്മാരുടെ ചിട്ടയിലുമുണ്ട്. 9 മാസം നീണ്ട പരിശീലത്തിന് ഒടുവിൽ കഴിഞ്ഞ ദിവസം പാസിങ്ങ് ഔട്ട് പരേഡ് പൂർത്തിയയപ്പോൾ പൊലീസ് യൂണിഫോമിൽ തന്റെ കൈക്കുഞ്ഞിനെ വാരിപുണരുന്ന ഷബീറിന്റെ ചിത്രം മുഖ്യമന്ത്രി പിണറായി വിജയനും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. നാടിന്റെ കാവാലാകാൻ ചുമതലയേറ്റെടുത്ത പൊലീസ് സഹോദരന്മാർക്ക് നാടിന്റെ ആശംസ പ്രവാഹവും നിറയുകയാണ്. ഗൾഫിൽ ജോലി ചെയ്താണ് പിതാവ് രണ്ട് മക്കളേയും പഠിപ്പിച്ചത്. ഈ പൊലീസ് യൂണിഫോം പിതാവിനുള്ള സമ്മാനമാണെന്ന് ഷബീർ പ്രതികരിക്കുന്നത്.