വഖഫ് നിയമത്തെ ചോദ്യം ചെയ്ത് കൂടുതല്‍ ഹര്‍ജികള്‍ സുപ്രീം കോടതിയില്‍

Spread the love

വഖഫ് നിയമത്തെ ചോദ്യം ചെയ്ത് കൂടുതല്‍ ഹര്‍ജികള്‍ സുപ്രീം കോടതിയില്‍. ആര്‍ ജെ ഡി എം പി മാര്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. വിഷയത്തെ ചൊല്ലി ജമ്മു കാശ്മീര്‍ നിയമസഭ ഇന്നും പ്രക്ഷുബ്ധം. അതേസമയം പ്രതിഷേധക്കാര്‍ക്ക് എതിരെ പത്ത് ലക്ഷം രൂപയുടെ ബോണ്ട് നോട്ടീസ് നല്‍കി യോഗി സര്‍ക്കാര്‍.

രാഷ്ട്രപതി അംഗീകാരം നല്‍കിയ വഖഫ് ഭേദഗതിയെ നിയമപരമായി നേരിടാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. ആര്‍ജെഡി എംപിമാരായ മനോജ് ഝാ, ഫയാസ് അഹമ്മദ് എന്നിവരും നിയമത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ബില്ല് ഭരണഘടന വിരുദ്ധവും മുസ്ലിം മതകാര്യങ്ങളിലേക്കുള്ള ബിജെപിയുടെ കടന്ന് കയറ്റത്തിന് വഴിവെക്കുമെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. വഖഫ് ഭേദഗതിക്കെതിരെ 14 ഹര്‍ജികള്‍ ആണ് സുപ്രീംകോടതിയുടെ പരിഗണനയില്‍ ഉള്ളത്. ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയോട് മുതിര്‍ന്ന അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നു. ഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ സുപ്രീംകോടതി തീരുമാനം ഇന്നുണ്ടായേക്കും. നിയമത്തെ ചൊല്ലി ജമ്മു കാശ്മീര്‍ നിയമസഭ ഇന്നും പ്രക്ഷുബ്ധമായി. കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ് സ്വതന്ത്രര്‍ എന്നിവര്‍ക്ക് പുറമേ പിഡിപിയും നിയമത്തിനെതിരെ പ്രമേയം കൊണ്ടുവന്നു. പ്രമേയത്തെ എതിര്‍ത്ത് ബിജെപി രംഗത്തെത്തിയതോടെ എംഎല്‍എമാര്‍ തമ്മില്‍ കയ്യേറ്റം ഉണ്ടായി.

അതേസമയം പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമത്തിലാണ് ബിജെപി സര്‍ക്കാരുകള്‍. 300 പേര്‍ക്ക് 2 ലക്ഷം രൂപ ബോണ്ട് നോട്ടീസ് നല്‍കിയതിന് പിന്നാലെ പ്രതിഷേധക്കാര്‍ക്ക് എതിരെ 10 ലക്ഷം രൂപ യുടെ ബോണ്ട് യുപി സര്‍ക്കാര്‍ ചുമത്തി. നിയമത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാനാണ് മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്റെ അടക്കള്ളവരുടെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *