വധശ്രമക്കേസില്‍ ലക്ഷദ്വീപ് എം.പിയും എന്‍.സി.പി നേതാവുമായ മുഹമ്മദ് ഫൈസല്‍ നല്‍കിയ ഹർജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും

Spread the love

കൊച്ചി: വധശ്രമക്കേസില്‍ ലക്ഷദ്വീപ് എം.പിയും എന്‍.സി.പി നേതാവുമായ മുഹമ്മദ് ഫൈസല്‍ നല്‍കിയ ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. 10 വര്‍ഷത്തെ തടവുശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ് ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു എം.പിയുടെ ഹരജി. ജസ്റ്റിസ് എന്‍. നഗരേഷ് ആണ് വിധി പറയുന്നത്. കവരത്തി സെഷന്‍സ് കോടതി വിധിച്ച ശിക്ഷ നടപ്പാക്കുന്നത് നേരത്തെ ഹൈക്കോടതി മരവിപ്പിച്ചിരുന്നു. എന്നാല്‍, ഇതു റദ്ദാക്കിയ സുപ്രീംകോടതി ഹരജി വീണ്ടും പരിഗണിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പരാതിക്കാരനെ വധിക്കാന്‍ ശ്രമിച്ചിരുന്നില്ലെന്നും കൃത്യമായ മൊഴികള്‍ പരിശോധിക്കാതെയാണ് വിചാരണാകോടതി ശിക്ഷ വിധിച്ചതെന്നുമാണ് ഫൈസലിന്റെ വാദം.പരിക്കേറ്റവരെ പരിശോധിച്ച ഡോക്ടറുടെ നിര്‍ണായകമായ മൊഴി കോടതി പരിശോധിച്ചില്ലെന്നും മാരകായുധങ്ങള്‍ ഉപയോഗിച്ചെന്ന വാദം തെറ്റാണെന്നും ഫൈസല്‍ വാദിച്ചിരുന്നു. സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ഫൈസലിനായി ഹാജരായത്. ഫൈസലിന്റെ വാദത്തെ ശക്തമായി ലക്ഷദ്വീപ് ഭരണകൂടവും എതിര്‍കക്ഷികളും എതിര്‍ത്തു. വിധി എതിരാവുകയാണെങ്കില്‍ അത് ഫൈസലിന്റെ എം.പി സ്ഥാനം തെറിക്കാന്‍ കാരണമാകും.

Leave a Reply

Your email address will not be published. Required fields are marked *