അമേരിക്കയിൽ പേമാരിയും കൊടുങ്കാറ്റും; 16 പേർ മരിച്ചതായി റിപ്പോർട്ട്
അമേരിക്കയുടെ മധ്യ – തെക്കൻ ഭാഗങ്ങളിൽ കൊടുങ്കാറ്റും പേമാരിയും മൂലം പതിനാറുപേർ മരിച്ചതായി റിപ്പോർട്ട്. മെംഫിസ്, ടെന്നെസി, ലിറ്റിൽ റോക്ക്, അർക്കൻസാസ് എന്നിവിടങ്ങളിലാണ് പ്രളയ സമാനമായ സാഹചര്യമുണ്ടായത്. ലൂസിയാന, അലബാമ, ജോർജിയ എന്നിവിടങ്ങളിൽ ശക്തമായ കൊടുങ്കാറ്റും അനുഭവപ്പെട്ടു.
മരിച്ചവരിൽ കുട്ടികളുമുണ്ട്. കെന്റക്കിയിൽ ബസ് സ്റ്റോപ്പിൽ നിന്നിരുന്ന ഒമ്പതുവയസുകാരനെ പ്രളയത്തിൽ കാണാതായി. കുട്ടിയുടെ മൃതദേഹം പിന്നീട് കണ്ടെത്തി. ചുഴലിക്കാറ്റിനെതുടർന്നുണ്ടായ അപകടത്തിലാണ് ടെന്നസിയിൽ 10 പേർ മരിച്ചത്.
ദിവസങ്ങളോളം നീണ്ടുനിന്ന ശക്തമായ കൊടുങ്കാറ്റും മാരകമായ ചുഴലിക്കാറ്റുകളും മൂലം ദുരിതബാധിത പ്രദേശങ്ങളിൽ പലതും ഇതിനകം തന്നെ വെള്ളത്തിനടിയിലാണ്. അലബാമയിലും മിസിസിപ്പിയിലും രാത്രിയിൽ പുതിയ ചുഴലിക്കാറ്റ് മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു, കൂടാതെ കെന്റക്കി, മിസിസിപ്പി, ടെന്നസി എന്നിവിടങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പുകളും നൽകി.