വ്യവസായ സംരംഭങ്ങളില്‍ എ ഐ എങ്ങനെ പ്രയോജനപ്പെടുത്താം; സംരംഭകർക്ക് ടെക്നോളജി ക്ലിനിക്ക് സംഘടിപ്പിച്ചു
നിര്‍മിത ബുദ്ധി വ്യവസായ സംരംഭങ്ങളില്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന വിഷയത്തില്‍ സംരംഭകര്‍ക്കായി വ്യവസായ വകുപ്പ് ‘ടെക്നോളജി ക്ലിനിക്ക്’ സംഘടിപ്പിച്ചു. എം എസ് എം ഇ മന്ത്രാലയം നടപ്പിലാക്കുന്ന റൈസിങ് ആന്‍ഡ് ആക്‌സിലറെറ്റിങ് ദി എം എസ് എം ഇ പെര്‍ഫോമന്‍സ് സ്‌കീം (ആര്‍ എ എം പി) പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
എ ഐ – ഇന്‍ഡസ്ട്രിയല്‍ – അപ്ലിക്കേഷല്‍ ആന്‍ഡ് ട്രാന്‍സ്‌ഫോര്‍മേഷന്‍സ് വിഷയം ആസ്പദമാക്കി എന്‍ ഐ ടി കാലിക്കറ്റിലെ കമ്പ്യൂട്ടര്‍ സയന്‍സ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. പി എന്‍ പൗര്‍ണമി ക്ലാസ്സ് എടുത്തു. സംരംഭകനും എ സി എം എഫ് ടെക്നോളജീസ് ചീഫ് ടെക്നോളജി ഓഫീസറുമായ ഫഹീം മുഹമ്മദ് കോന്നക്കാടന്‍ വിവിധ സംരംഭങ്ങളില്‍ നിര്‍മിത ബുദ്ധി എങ്ങനെ പ്രയോജനപ്പെടുത്താം എന്ന വിഷയത്തില്‍ പരിശീലനം നല്‍കി. വ്യവസായ വകുപ്പിന്റെ വിവിധ പദ്ധതികള്‍ സംബന്ധിച്ച് ഉപജില്ലാ വ്യവസായ ഓഫീസര്‍ മിഥുന്‍ ആനന്ദ് ക്ലാസ് എടുത്തു.
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഹോട്ടല്‍ ഈസ്റ്റ് അവന്യുവില്‍ നടത്തിയ പരിപാടി കെ എസ് എസ് ഐ എ കോഴിക്കോട് പ്രസിഡന്റ് ഇഷാക്ക് കളത്തിങ്കല്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ രഞ്ജിത്ത് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ പി നിതിന്‍, ഉപജില്ലാ വ്യവസായ ഓഫീസര്‍ പി ഡി ശരത് തുടങ്ങിയവര്‍ സംസാരിച്ചു.