നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ ക്ഷീരസംഗമം

സംസ്ഥാന ക്ഷീരവികസനവകുപ്പിന്റെ ആഭിമുഖ്യത്തിൽ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ക്ഷീര സംഗമം 2023-24 ക്ഷീര വികസന,മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ആനാട് ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ മന്ദിരോദ്ഘാടനവും മന്ത്രി നിർവഹിച്ചു.

കേരളത്തിലെ മുഴുവൻ ക്ഷീര കർഷകർക്കും സബ്‌സിഡിയോടുകൂടി കന്നുകാലി തീറ്റ ലഭ്യമാക്കി, അതിലൂടെ കൂടുതൽ കർഷകരെ കന്നുകാലി വളർത്തൽ മേഖലയിലേക്ക് ആകർഷിക്കുന്നതിനുള്ള പരിശ്രമത്തിലാണ് ക്ഷീരവികസന വകുപ്പെന്ന് മന്ത്രി പറഞ്ഞു. അടുത്തവർഷത്തോടുകൂടി മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പാൽ ഇറക്കുമതി നിർത്തലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പാലിലും മാംസത്തിലും മുട്ടയിലും സ്വയം പര്യാപ്തത എന്നതാണ് വകുപ്പിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

ചടങ്ങിൽ സ്റ്റുഡന്റ് ഡയറി ക്ലബ്ബിന്റെ ഉദ്ഘടനവും മന്ത്രി നിർവഹിച്ചു. ഡി.കെ മുരളി എം.എൽ.എ അധ്യക്ഷനായിരുന്നു. ക്ഷീര വികസന വകുപ്പ്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്തുകൾ, ക്ഷീര സഹകരണ സംഘങ്ങൾ, എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മിൽമ, കേരള ഫീഡ്സ്, കേരള ലൈവ് സ്റ്റോക്ക് ഡെവലപ്പ്മെന്റ് ബോർഡ്, സഹകരണ ബാങ്കുകൾ എന്നിവയുടെ സഹകരണത്തോടെയാണ് ക്ഷീരസംഗമം സംഘടിപ്പിച്ചത്. കന്നുകാലി പ്രദർശനം, ക്ഷീരവികസന സെമിനാർ, ഓപ്പൺ ഫോറം, ക്ഷീര കർഷകരെ ആദരിക്കൽ, ക്ഷീര കർഷകർക്കും, സംഘങ്ങൾക്കുള്ള അവാർഡ് വിതരണം, എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.

ആനാട് ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തിൽ ആനാട് സമഗ്ര സാംസ്‌കാരിക കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി , ആനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല. എൻ, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ടി. ആർ ചിത്രലേഖ, കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി ഉണ്ണികൃഷ്ണൻ, ആനാട് ക്ഷീരസംഘം പ്രസിഡന്റ് ടി. മണികണ്ഠൻ, ക്ഷീരകർഷകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.