വേതനവര്‍ധനവ് ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം നടത്തുന്ന ആരോഗ്യപ്രവര്‍ത്തകരെ കൂട്ടത്തോടെ പിരിച്ച് വിട്ട് ഗുജറാത്ത് സര്‍ക്കാര്‍
വേതനവര്‍ദ്ധനവ് ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം നടത്തുന്ന ആരോഗ്യപ്രവര്‍ത്തകരെ കൂട്ടത്തോടെ പിരിച്ച് വിട്ട് ഗുജറാത്ത് സര്‍ക്കാര്‍. വനിതകളടക്കം 2200 ആരോഗ്യപ്രവര്‍ത്തകരെയാണ് എസ്മ നിയമപ്രകാരം ബിജെപി സര്‍ക്കാര്‍ പിരിച്ചുവിട്ടത്. 5000ത്തിലധികം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.
ഗുജറാത്തിലെ എട്ട് ജില്ലകളിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെയും ഉപ കേന്ദ്രങ്ങളിലെയും കരാര്‍ ജീവനക്കാരെയും സ്ഥിരം ജീവനക്കാരെയുമാണ് കൂട്ടത്തോടെ പിരിച്ചുവിട്ടത്. വേതന പരിഷ്‌ക്കരണം ആവശ്യപ്പെട്ട് മാര്‍ച്ച് 12 മുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ സമരത്തിലായിരുന്നു. സമരം അടിച്ചമര്‍ത്തുന്ന ഭാഗമായി ബിജെപി സര്‍ക്കാര്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ എസ്മ പ്രഖ്യാപിക്കുകയായിരുന്നു.
വനിതകളടക്കം 2200 ആരോഗ്യ പ്രവര്‍ത്തകരെയാണ് പിരിച്ചുവിട്ടത്. സബര്‍കാന്ധ ജില്ലയില്‍ മാത്രം 406 ആരോഗ്യപ്രവര്‍ത്തകരെ പിരിച്ചുവിട്ടു. 55 സുപ്പര്‍വൈസര്‍ കേഡര്‍ ജീവനക്കാര്‍ക്കെതിരെ കുറ്റപത്രം നല്‍കിയെന്നും ജില്ലാ ചീഫ് ഹെല്‍ത്ത് ഓഫീസര്‍ ഡോ. രാജ് സുതാരിയ അറിയിച്ചു. ഗ്രേഡ് പേ പരിഷ്‌കരിക്കുക, ടെക്‌നിക്കല്‍ കേഡറില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഗുജറാത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ വര്‍ഷങ്ങളായി സമരമുഖത്താണ്.
2022ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ പ്രതിഷേധം തണുപ്പിക്കുന്നതിന്റെ ഭാഗമായി വിഷയം പഠിക്കാന്‍ മന്ത്രിതല സമിതിയെ നിയമിച്ചിരുന്നു. എന്നാല്‍ പിന്നീട് ആ സമിതിയുടെ റിപ്പോര്‍ട്ട് പോലും വെളിച്ചം കണ്ടില്ല. സംസ്ഥാനത്ത് അതിരൂക്ഷമായ വിലക്കയറ്റമടക്കമുള്ള സാഹചര്യത്തിലായിരുന്നു 25 ശതമാനം വേതന വര്‍ധന ആവശ്യപ്പെട്ട് ആരോഗ്യപ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. സമരത്തില്‍ പങ്കെടുത്ത 5000ത്തിലധികം ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പിരിച്ചുവിടല്‍ നടപടി ഇനിയും തുടരുമെന്നാണ് റിപ്പോര്‍ട്ട്.