സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിൽ സ്ത്രീയിൽ നിന്ന് എം ഡി എം എ പിടികൂടി
സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിൽ സ്ത്രീയിൽ നിന്ന് എം ഡി എം എ പിടികൂടി. 40.45 ഗ്രാം എംഡിഎംഎയെയാണ് സ്ത്രീയുടെ സ്വകാര്യ ഭാഗത്ത് നിന്ന് പിടികൂടിയത്. കോലത്ത് നിന്നാണ് യുവതിയെ പിടികൂടിയത്. വൈദ്യ പരിശോധനയ്ക്കിടെയാണ് ഇവ കണ്ടെത്തിയത്. ഇന്നലെ കാറിൽ നടത്തിയ പരിശോധനയിൽ 50 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് പിടികൂടിയിരുന്നു.
അതിനിടെ, താമരശ്ശേരിയിൽ യുവാവ് വിഴുങ്ങിയത് എം ഡി എം എ എന്ന് സ്ഥിരീകരണം. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ സ്കാനിംഗിൽ തരി രൂപത്തിലുള്ള വസ്തു യുവാവിന്റെ വയറ്റിൽ കണ്ടെത്തി. കൂടുതൽ പരിശോധന നടത്തുന്നതായി പൊലീസ് അറിയിച്ചു. ഇന്നലെയാണ് യുവാവിനെ പൊലീസ് പിടികൂടുന്നത്. താമരശ്ശേരി സ്വദേശി ഫായിസ് ആണ് പൊലീസിൻ്റെ പിടിയിലായത്. ഇയാൾ എംഡിഎംഎ വിഴുങ്ങിയെന്ന സംശയത്തെ തുടർന്ന് പരിശോധനക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ഇതിന് മുൻപും സമാന സംഭവം താമരശ്ശേരിയിൽ നടന്നിട്ടുണ്ട്. കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് പൊലീസിനെ കണ്ട് ഭയന്ന് യുവാവ് എം ഡി എം എ വിഴുങ്ങിയതിനെ തുടർന്ന് ചികിത്സയിൽ കഴിയവേ മരിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് മൈക്കാവ് സ്വദേശി ഷാനിദിനെ പൊലീസ് ലഹരി മരുന്ന് കൈവശം വെച്ചതിന് പിടികൂടുന്നത്. എക്സൈസ് സംഘത്തെ കണ്ട ഉടനെ ഷാനിദ് എം ഡി എം എ നിറച്ചിരുന്ന പ്ലാസ്റ്റിക് കവറുകൾ വിഴുങ്ങുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് ഷാനിദിന്റെ മരണം സ്ഥിരീകരിക്കുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ മരണ കാരണം വ്യക്തമാവുകയുള്ളൂ. നേരത്തെയും ഷാനിദ് എൻ ഡി പി എസ് കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.