വനംവകുപ്പ് ആവിഷ്കരിച്ച സർപ്പ മൊബൈൽ ആപ്ലിക്കേഷന്റെ ബ്രാൻഡ് അംബാസഡറായി നടൻ ടൊവിനോ തോമസ്
ജനവാസ മേഖലകളിലെത്തുന്ന പാമ്പുകളെ സുരക്ഷിതമായി വനമേഖലയിലെത്തിക്കാൻ വനംവകുപ്പ് ആവിഷ്കരിച്ച സർപ്പ മൊബൈൽ ആപ്ലിക്കേഷന്റെ ബ്രാൻഡ് അംബാസഡറായി നടൻ ടൊവിനോ തോമസ്. ഇതോടെ പാമ്പുപിടിക്കാൻ പരിശീലനം നേടിയിരിക്കുകയാണ് താരം. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശം അനുസരിച്ച്, സുരക്ഷാ ഉപകരണങ്ങളുമായി പാമ്പിനെ പിടികൂടിയ വീഡിയോ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.
ഇതോടെ ടൊവിനോ ഔദ്യോഗിക ‘സ്നേക്ക് റെസ്ക്യൂവർ’ ആയി. വനംവകുപ്പിന്റെ വിവിധ പദ്ധതികളുടെ പ്രചാരണത്തിനായി ഇനി ടൊവിനോ സംസ്ഥാനത്തെ കാടുകൾ സന്ദർശിക്കും. സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് കൺസർവേറ്റർ പി.എം.പ്രഭുവാണു പ്രചാരണ വിഡിയോ സംവിധാനം ചെയ്തത്.
പാമ്പുകടിയേറ്റുള്ള മരണങ്ങൾ തടയുന്നതിനായി വനം വകുപ്പ് ആവിഷ്കരിച്ച സർപ്പ ആപ്പ് പ്രവര്‍ത്തനമാരംഭിച്ച് നാലു വർഷങ്ങൾ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഈ കാലയളവിനുള്ളിൽ പാമ്പുകടി കാരണമുള്ള മരണങ്ങൾ നാലിൽ ഒന്നായി കുറക്കാൻ സാധിച്ചിട്ടുണ്ട്. സർപ്പ ആപ്പിൻ്റെ പ്രവർത്തനം വിപുലീകരിക്കാനും കൂടുതൽ പ്രചാരം നൽകാനുമുള്ള ശ്രമത്തിലാണ് സർക്കാർ. ഈ ഉദ്യമത്തിൽ സർപ്പയുടെ ബ്രാൻ്റ് അംബാസഡറായി പങ്കു ചേർന്ന ടൊവിനോ തോമസിന് നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. സർപ്പയ്ക്ക് കൂടുതൽ പ്രചാരം നൽകാനും പാമ്പുകടിയിൽ നിന്നും ജനങ്ങളെ സുരക്ഷിതരക്കാനും ക്യാമ്പയ്നിൽ എല്ലാവരും പങ്കു ചേരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.