ഭരണപക്ഷത്തിനൊപ്പം നിൽക്കാൻ ചില അവസരവാദ രാഷ്ട്രീയ പ്രവർത്തകർ ശ്രമിക്കുന്നതിൽ ആശങ്കയറിയിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
മുംബൈ: ഭരണപക്ഷത്തിനൊപ്പം നിൽക്കാൻ ചില അവസരവാദ രാഷ്ട്രീയ പ്രവർത്തകർ ശ്രമിക്കുന്നതിൽ ആശങ്കയറിയിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഇത്തരത്തിലുള്ള പ്രത്യയശാസ്ത്ര അപചയം ജനാധിപത്യത്തിന് നല്ലതല്ലെന്ന് നിതിൻ ഗഡ്കരി പറഞ്ഞു. പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിൽക്കുന്ന ചില രാഷ്ട്രീയ പ്രവർത്തകരുണ്ട്. എന്നാൽ അവരുടെ എണ്ണം പതിയെ കുറയുകയാണെന്നും അദ്ദേഹം പറഞ്ഞു. ആരുടെയും പേരെടുത്ത് പറയാതെയായിരുന്നു ഗഡ്കരിയുടെ വാക്കുകൾ.’ഞാൻ തമാശയായി പറയാറുണ്ട്, ഏത് പാർട്ടിയുടെ സർക്കാർ ഭരിച്ചാലും, നന്നായി ജോലി ചെയ്യുന്നവർക്ക് ഒരിക്കലും പരിഗണന ലഭിക്കുന്നില്ല. മാത്രമല്ല, മോശമായി ജോലി ചെയ്യുന്നവർ ശിക്ഷിക്കപ്പെടുന്നുമില്ല’ – നിതിൻ ഗഡ്കരി പറഞ്ഞു. മുംബൈയിൽ മികച്ച് പാർലമെന്ററി നേതാക്കൾക്കുള്ള പുരസ്കാര ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.’സംവാദങ്ങളിൽ വ്യത്യസ്ഥ നിലപാടുകളല്ല പ്രശ്നം, ആശയദാരിദ്ര്യമാണ്. പ്രത്യയശാസ്ത്രത്തിന്റെ പേരിൽ ശിക്ഷിക്കപ്പെടുമ്പോഴും ഉറച്ചുനിൽക്കുന്ന നേതാക്കളുണ്ട്. എന്നാൽ അത്തരം നേതാക്കളുടെ എണ്ണം കുറഞ്ഞുവരുന്നു. പ്രത്യയശാസ്ത്ര അപചയം സംഭവിക്കുന്നുണ്ട്. അത് ജനാധിപത്യത്തിന് ഭൂഷണമല്ല. ഇടതെന്നോ വലതെന്നോ വ്യത്യാസമില്ല, എല്ലായിടത്തും അവസരവാദികളുണ്ട്. എല്ലാവർക്കും ഭരണപക്ഷത്തിനൊപ്പം നിൽക്കണം’ – നിതിൻ ഗഡ്കരി പറഞ്ഞു.