കളമശ്ശേരി ലഹരി വേട്ടയില്‍ അന്വേഷണം ഊര്‍ജിതമാക്കി; അന്യ സംസ്ഥാനക്കാരനായി തെരച്ചില്‍
കളമശ്ശേരി പോളിടെക്‌നിക്കിലെ ലഹരി വേട്ടയില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് നല്‍കിയ അന്യ സംസ്ഥാനക്കാരനു വേണ്ടി പൊലീസ് അന്വേഷണം തുടരുന്നു. ഹോസ്റ്റലിലേക്ക് ലഹരി എത്തിക്കാന്‍ വഴിയൊരുക്കിയ കൂടുതല്‍ പേര്‍ ഉണ്ടെന്നാണ് പൊലീസ് നിഗമനം. അതേസമയം കെ എസ് യു നേതാക്കളുടെ പങ്ക് വ്യക്തമായിട്ടും വിദ്യാര്‍ത്ഥികളെ തിരുത്താന്‍ മുതിര്‍ന്ന നേതാക്കള്‍ ഇതുവരെ തയ്യാറായിട്ടില്ല.
കളമശേരി പോളിടെക്‌നിക് കോളേജിലെ കഞ്ചാവ് കേസില്‍ ഒരാള്‍ കൂടി കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി അനുരാജ് ആണ് പിടിയിലായത്. കഞ്ചാവ് ആവശ്യമുള്ളവരില്‍ നിന്ന് പണം ശേഖരിച്ച് കൈമാറിയത് അനുരാജെന്ന് പൊലീസ് പറയുന്നു. ഷാലിക്കും ആഷിഖും ചേര്‍ന്ന് കൊണ്ടുവന്ന 4 പാക്കറ്റ് കഞ്ചാവ് ആകാശിന്റെ മുറിയിലെത്തിച്ചതും അനുരാജ് ആണ്.
അതേസമയം കളമശേരി പോളിടെക്‌നിക് കോളേജിലെ കഞ്ചാവ് കേസില്‍ പ്രതിപക്ഷ നേതാവിന്റെ വാദം പൊളിയുന്നു. അറസ്റ്റിലായ മുഖ്യപ്രതി ഷാലിക്ക് കെ എസ് യു യൂണിറ്റ് സെക്രട്ടറി തന്നെയെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ കൈരളി ന്യൂസിന് ലഭിച്ചു. കെ എസ് യു വിന്റെ പോസ്റ്റര്‍ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഷാലിക്ക് കളമശേരി പോളിടെക്‌നിക് സെക്രട്ടറിയായപ്പോള്‍ കെ എസ് യു പുറത്തിറക്കിയ പോസ്റ്റര്‍ ആണിത്.