ഡാമുകളിലെ എക്കലും ചെളിയും നീക്കം ചെയ്തത് വെള്ളപ്പൊക്ക സാധ്യത കുറച്ചുവെന്ന് മന്ത്രി റോഷി അ​ഗസ്റ്റിൻ

Spread the love

അരുവിക്കര ഡാം ഡീസില്‍റ്റേഷന്‍ പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു

കേരളത്തിലെ ജലാശയങ്ങളിൽ ആവശ്യത്തിന് സംഭരണ ശേഷിയില്ലെന്ന് 2018ലെ പ്രളയം കാണിച്ചുതന്നുവെന്നും 2022-23 കാലയളവിൽ ഒരു കോടി ഘനമീറ്റർ എക്കലും ചെളിയും കേരളത്തിലെ വിവിധ ഡാമുകളിൽ നിന്ന് നീക്കം ചെയ്തതുമൂലം വെള്ളപ്പൊക്ക സാധ്യത കുറക്കാൻ കഴിഞ്ഞുവെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അ​ഗസ്റ്റിൻ. അരുവിക്കര ഡാമില്‍ അടിഞ്ഞുകൂടിയിരിക്കുന്ന എക്കലും മണ്ണും നീക്കം ചെയ്ത് ഡാമിന്റെ സംഭരണശേഷി വര്‍ദ്ധിപ്പിക്കുന്ന അരുവിക്കര ഡാം ഡീസില്‍റ്റേഷന്‍ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ മറ്റ് ഡാമുകളിലും ഡീസില്‍റ്റേഷന്‍ പദ്ധതി നടപ്പിലാക്കനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. അരുവിക്കര ഡാമിലെ ഡീസില്‍റ്റേഷന്‍ പദ്ധതി പൂർത്തിയാകുന്നതോടെ ഡാമിന്റെ സംഭരണശേഷി 30 ശതമാനം വർദ്ധിപ്പിക്കാൻ കഴിയും. ഡാമിന്റെ സുരക്ഷ മെച്ചപ്പെടുത്താനും മികച്ച ഇക്കോ സിസ്റ്റം സൃഷ്ടിക്കാനും പദ്ധതി വഴി സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

അരുവിക്കരയിലെ ഹില്ലി അക്വാ പ്ലാന്റിൽ നിന്നുള്ള കുടിവെള്ളം ആദ്യമായി വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കാനുള്ള നടപടികൾ പൂർത്തിയായി. നിലയ്ക്കലിൽ ശുദ്ധജലമെത്തിക്കാൻ വാട്ടർ അതോറിറ്റിക്ക് കഴിഞ്ഞതും വലിയ നേട്ടമാണ്. അരുവിക്കരയിലേയും പേപ്പാറയിലേയും ​ഗസ്റ്റ് ഹൗസുകൾ നവീകരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനാണ് ഡീസില്‍റ്റേഷന്റെ ചുമതല. 13.89 കോടി രൂപയ്ക്കാണ് അരുവിക്കര ഡാമിലെ ഡീസില്‍റ്റേഷന്‍ പ്രവൃത്തികള്‍ നടത്തുന്നത്.

ചടങ്ങിൽ ജി.സ്റ്റീഫന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് ആര്‍ കല, കെ.ഐ.ഐ.ഡി.സി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ തിലകന്‍ എസ്, അരുവിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേണുകാദേവി, ജില്ലാ പഞ്ചാത്ത് അംഗം വെള്ളനാട് ശശി, നെടുമങ്ങാട് ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.ആര്‍ ഹരിലാല്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *