പെരുമ്പാവൂരിലെ വ്യാജ ആധാർ കാർഡ് നിർമ്മാണം: അന്വേഷണം ഊർജിതമാക്കി പൊലീസ്

Spread the love

പെരുമ്പാവൂരിൽ വ്യാജ ആധാർ കാർഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമാക്കി പൊലീസ്. സംഭവത്തിൽ അന്യ സംസ്ഥാനക്കാരായ രണ്ടു പേരെയാണ് പോലീസ് അറസ്റ്റു ചെയ്തിട്ടുള്ളത്. പെരുമ്പാവൂരിൽ അന്യ സംസ്ഥാനക്കാർ നടത്തുന്ന മൊബൈൽ ഷോപ്പുകൾ കേന്ദ്രികരിച്ചും വിശദമായ അന്വേഷണം നടത്തി വരികയാണ്. 

വ്യാജ ആധാർ കാർഡ് നിർമ്മാണത്തിൽ അസം സ്വദേശികളായ രണ്ടു പേരെയാണ് പെരുമ്പാവൂർ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ആസ്സാം നാഗൗൺ ജൂറിയ സ്വദേശി ഹാരിജുൽ ഇസ്ലാം മാർച്ച് 9 ന് അറസ്റ്റിലായി. ഇയാൾക്കൊപ്പം കസ്റ്റഡിയിലെടുത്ത വരെ ചോദ്യം ചെയ്തതിൽ നിന്നും സ്വകാര്യ ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്സിൽ മൊബൈൽ കട നടത്തുന്ന റൈഹാനുദ്ദീനെ കുറിച്ച് വിവരം ലഭിച്ചു.

അസം സ്വദേശിയായ റെയ്ഹാനെ ഇന്നലെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. പുതിയ സിം കാർഡ് എടുക്കാൻ എത്തുന്നവരുടെ ഒറിജിനൽ ആധാർ കാർഡ് സ്കാൻ ചെയ്ത ശേഷം പേര്, മേൽവിലാസം, ഫോട്ടോ തുടങ്ങിയവ ഫോട്ടോഷോപ്പ് നടത്തി മാറ്റുകയും വ്യാജ ആധാർ കാർഡ് നിർമ്മിച്ചു നൽകുകയുമാണ് രീതി. റെയ്ഹാൻ്റെ കടയിൽ നിന്നും പിടിച്ചെടുത്ത ലാപ്ടോപ്പിൽ നിന്ന് നിരവധി ആധാർ കാർഡുകൾ വ്യാജമായി നിർമ്മിക്കുവാൻ ശ്രമിച്ചതിന്റെ തെളിവുകളും ലഭിച്ചു. കളർ പ്രിൻ്റർ ഉൾപ്പെടെ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിശദമായ അന്വേഷണം നടത്തുമെന്ന് പെരുമ്പാവൂർ എ എസ് പി വ്യക്തമാക്കി. വീട് വാടകയ്ക്ക് എടുക്കുന്നതിനും, മൊബൈൽ കണക്ഷൻ എടുക്കുന്നതിനും, ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും ഇത്തരം വ്യാജ ആധാർ കാർഡുകൾ ഉപയോഗിച്ചതായി പോലീസിൽ വിവരം ലഭിച്ചിട്ടുണ്ട്. പെരുമ്പാവൂർ മേഖലയിൽ അന്യസംസ്ഥാനക്കാർ നടത്തുന്ന പല മൊബൈൽ ഷോപ്പുകളിലും ഇത്തരം വ്യാജ രേഖകൾ നിർമ്മിച്ചു നൽകുന്നതായാണ് വിവരം. നിരീക്ഷണം ശക്തമാക്കുന്നതിനൊപ്പം അന്യസംസ്ഥാനക്കാരുടെ മൊബൈൽ ഷോപ്പുകളിൽ ഉൾപ്പെടെ വ്യാപകമായി പരിശോധന നടത്താനുമുള്ള ശ്രമത്തിലാണ് പൊലീസ്. ലഹരി വിൽപ്പനക്കാരെ പിടികൂടുന്നതിനായി എ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് വ്യാജ ആധാർ കാർഡ് നിർമ്മാതാക്കൾ പിടിയിലായത്. ഇവർക്ക് സൗകര്യം ഒരുക്കി നൽകുന്ന ഏജൻറ് മാരെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *