ന്യൂസ് ക്ലിക്കിന് നേരെയുള്ള ഭരണകൂട വേട്ട : 16 മാധ്യമസംഘടനകൾ കത്തെഴുതി
ന്യൂഡല്‍ഹി: ന്യൂസ് ക്ലിക്കിന് നേരെയുള്ള ഭരണകൂട വേട്ടയുടെ പശ്ചാത്തലത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈചന്ദ്രചൂഡിന് കത്തെഴുതി 16 മാധ്യമസംഘടനകള്‍.രാജ്യത്ത് മാധ്യമസ്വാതന്ത്ര്യം കടന്നാക്രമിക്കപ്പെടുന്നെന്നും പ്രതികാരനടപടി ഭയന്നാണ് മാധ്യമപ്രവര്‍ത്തകര്‍ ജോലി ചെയ്യുന്നതെന്നും ചീഫ്ജസ്റ്റിസിനെഴുതിയ തുറന്ന കത്തില്‍ മാധ്യമ സംഘടനകള്‍ ചൂണ്ടിക്കാട്ടി.”..കഴിഞ്ഞദിവസം ന്യൂസ്‌ക്ലിക്ക് പോര്‍ട്ടലുമായി ബന്ധപ്പെട്ട 46 മാധ്യമപ്രവര്‍ത്തകര്‍, എഡിറ്റര്‍മാര്‍, എഴുത്തുകാര്‍ തുടങ്ങിയവരുടെ വസതികളില്‍ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍സെല്‍ റെയ്ഡ് നടത്തി. യുഎപിഎ ചുമത്തി രണ്ടുപേരെ അറസ്റ്റ് ചെയ്തു. കംപ്യൂട്ടറുകളും മൊബൈല്‍ഫോണുകളും പിടിച്ചെടുത്തു. കര്‍ഷകപ്രക്ഷോഭവും കോവിഡും സിഎഎ പ്രക്ഷോഭവും മറ്റും റിപ്പോര്‍ട്ട് ചെയ്തതിന് അവ്യക്തമായ ആരോപണങ്ങളുയര്‍ത്തി അന്വേഷണം നടത്തുന്നത് ശരിയല്ല- കത്തില്‍ പറയുന്നു.മാധ്യമപ്രവര്‍ത്തകര്‍ നിയമത്തിന് മുകളിലല്ലെന്ന് ഞങ്ങള്‍ അംഗീകരിക്കുന്നു. എന്നാല്‍, മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും വിരട്ടിനിര്‍ത്താനുള്ള നീക്കങ്ങള്‍ ജനാധിപത്യസമൂഹത്തിന്റെ അടിസ്ഥാനഘടനയെ വെല്ലുവിളിക്കുന്നതാണ്. യുഎപിഎ കേസുകളില്‍ അറസ്റ്റിലാകുന്ന മാധ്യമപ്രവര്‍ത്തകര്‍ വര്‍ഷങ്ങളോളം ജാമ്യംകിട്ടാതെ ജയിലുകളില്‍ നരകിക്കും. രണ്ടുവര്‍ഷം തടവിന് ശേഷമാണ് സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചത്. സത്യസന്ധമായ അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണ്. സുപ്രീംകോടതി അടിയന്തരമായി ഇടപെടണം.’- കത്ത് കൂട്ടിച്ചേര്‍ത്തു.ഡിജിപബ്ബ് ന്യൂസ് ഇന്ത്യ ഫൗണ്ടേഷന്‍, ഇന്ത്യന്‍ വിമെന്‍സ് പ്രസ് കോര്‍, പ്രസ്‌ക്ലബ് ഓഫ് ഇന്ത്യ, ഫൗണ്ടേഷന്‍ ഓഫ് മീഡിയാ പ്രൊഫഷണല്‍സ്, നെറ്റ്‌വര്‍ക്ക് ഓഫ് വിമെന്‍ ഇന്‍ മീഡിയ, നാഷണല്‍ അലയന്‍സ് ഓഫ് ജേര്‍ണലിസ്റ്റ്‌സ്, ചണ്ഡിഗഢ് പ്രസ്‌ക്ലബ്, ഡല്‍ഹി യൂണിയന്‍ ഓഫ് ജേര്‍ണലിസ്റ്റ്‌സ്, കേരളാ യൂണിയന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റ്‌സ് തുടങ്ങിയ 16 സംഘടനകളാണ് കത്തെഴുതിയത്.