മേഘവിസ്ഫോടനത്തിന് പിന്നാലെ മിന്നൽ പ്രളയമുണ്ടായ സിക്കിമിൽ 14 പേർ മരിച്ചതായി റിപ്പോർട്ട്

Spread the love

മേഘവിസ്ഫോടനത്തിന് പിന്നാലെ മിന്നൽ പ്രളയമുണ്ടായ സിക്കിമിൽ 14 പേർ മരിച്ചതായി റിപ്പോർട്ട്. മരിച്ചവരിൽ മൂന്ന് പേർ വടക്കൻ ബം​ഗാളിൽ നിന്നുളളവരാണ്. 22 സൈനികർ ഉൾപ്പെടെ 102 പേരെ കാണാതായി. ഇന്നലെ 23 സൈനികരെ കാണാതായിരുന്നെങ്കിലും ഒരാൾ രക്ഷപ്പെട്ടു. സിക്കിമിലെ വിവിധ സ്ഥലങ്ങളിലായി ആയിരത്തിലധികം ആളുകൾ ഒറ്റപ്പെട്ടിട്ടുണ്ട്.രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മൂവായിരത്തിലധികം വിനോദസഞ്ചാരികൾ സിക്കിമിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായി സിക്കിം ചീഫ് സെക്രട്ടറി വിബി പഥക് പറഞ്ഞു. ചുങ്താങ്ങിലെ ടീസ്റ്റ സ്റ്റേജ് III അണക്കെട്ടിൽ ജോലി ചെയ്തിരുന്ന നിരവധി തൊഴിലാളികൾ അണക്കെട്ടിന്റെ തുരങ്കങ്ങളിൽ കുടുങ്ങിയതായി ചീഫ് സെക്രട്ടറി അറിയിച്ചു.വടക്കന്‍ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിലുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്ന് ടീസ്റ്റ നദിയിൽ വെള്ളപ്പൊക്കമുണ്ടാവുക ആയിരുന്നു. ഇന്നലെ പുലർച്ചെ 1.30 ഓടെയാണ് വെള്ളപ്പൊക്കമുണ്ടായത്. ചുങ് താങ് അണക്കെട്ടിൽ നിന്ന് വെള്ളം വിട്ടതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയതെന്ന് അധികൃതർ പറഞ്ഞു.ലൊനാക് തടാകത്തിന് മുകളിലുണ്ടായ മേഘവിസ്ഫോടനത്തില്‍ ടീസ്റ്റ നദിയുടെ തീരത്തുണ്ടായിരുന്ന ആർമി ക്യാമ്പുകൾ മുങ്ങിയാണ് സൈനികരെ കാണാതായത്. സൈനിക വാഹനങ്ങള്‍ അടക്കം ഒലിച്ചു പോയതായാണ് റിപ്പോര്‍ട്ട്. 14 പാലങ്ങൾ ഒലിച്ചു പോയതിനാൽ റോഡ് ​ഗതാ​ഗതം തകർന്നിരിക്കുകയാണ്.സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ടീസ്ത നദി തീരത്തു നിന്ന് വിട്ടുനിൽക്കാൻ ജനങ്ങളോട് സർക്കാർ ആവശ്യപ്പെട്ടു. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ഭരണകൂടം മുൻകരുതൽ നടപടിയായി നദിയുടെ താഴ്ന്ന വൃഷ്ടിപ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കൽ ആരംഭിച്ചിട്ടുണ്ട്. സിങ്തമിലെ നദീതടത്തിന് സമീപമുള്ളവരെ നഗരത്തിലെ താൽക്കാലിക ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ മുഖ്യമന്ത്രി പ്രേം സിംഗ് തമാങ്ങുമായി സംസാരിച്ചിരുന്നു. ‘സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാങ്ങുമായി സംസാരിക്കുകയും സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ നിർഭാഗ്യകരമായ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. സാധ്യമായ എല്ലാ പിന്തുണയും ഉറപ്പുനൽകി. ദുരിതബാധിതരായ എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു,’ മോദി എക്‌സിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *