താമരശ്ശേരി കൊലപാതകം; ഒരു വിദ്യാര്‍ഥി കൂടി അറസ്റ്റില്‍
താമരശ്ശേരി ഷഹബാസ് കൊലപാതകത്തില്‍ ഒരു വിദ്യാര്‍ഥി കൂടി അറസ്റ്റില്‍. മര്‍ദിച്ച സംഘത്തില്‍ ഉള്‍പ്പെട്ട പത്താം ക്ലാസുകാരനാണ് പിടിയിലായത്. അതേസമയം കഴിഞ്ഞദിവസം താമരശ്ശേരിയില്‍ കൊല്ലപ്പെട്ട ഷഹബാസിനെ മര്‍ദിക്കാന്‍ ഉപയോഗിച്ച നഞ്ചക്ക് കണ്ടെടുത്തു. പ്രതികളിലൊരാളുടെ താമരശ്ശേരിയിലെ വീട്ടില്‍ നിന്ന് സ്ഥലത്ത എസ്എച്ച്ഒ സായൂജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് നഞ്ചക്ക് കണ്ടെടുത്തത്. ഇന്ന് ഉച്ചയോടെയാണ് അഞ്ച് പ്രതികളുടെയും വീടുകളില്‍ ആയുധങ്ങളും കൂടുതല്‍ ഡിജിറ്റല്‍ തെളിവുകളും കണ്ടെത്താനുള്ള പരിശോധന അന്വേഷണസംഘം നടത്തിയത്. പരിശോധനയിൽ 4 മൊബൈൽ ഫോണുകളും ഒരു ലാപ്ടോപ്പും കണ്ടെടുത്തു. ഇവ ശാസ്ത്രിയ പരിശോധനക്കായി അയച്ചു.
ഷഹബാസിന്റെ മരണത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നതില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷഹബാസിന്റെ മാതാപിതാക്കള്‍, പ്രതികളുടെ മാതാപിതാക്കള്‍, സുഹൃത്തുകള്‍ എന്നിവരുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും. പ്രതികള്‍ ഉള്‍പ്പെട്ട വാട്‌സ്അപ്പ് ഗ്രൂപ്പുകള്‍ പൊലീസ് പരിശോധിച്ചു. പ്രാഥമിക അന്വേഷണത്തില്‍ മുതിര്‍ന്നവര്‍ക്ക് പങ്കില്ലെന്നാണ് പൊലീസിന്റെ നിഗമനം. വിവിധ ഇടങ്ങളില്‍ നിന്നും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്