ബണ്ട് റോഡ് നിർമ്മിക്കും; കൊച്ചി താന്തോണി തുരുത്ത് നിവാസികളുടെ പ്രശ്നത്തിന് പരിഹാരമാകുന്നു
കൊച്ചി താന്തോണി തുരുത്ത് നിവാസികളുടെ പ്രശ്നത്തിന് പരിഹാരമാകുന്നു. 3 മീറ്റർ വീതിയിൽ ബണ്ട് റോഡ് നിർമ്മിക്കുന്നതുള്‍പ്പടെ ഗോശ്രീ ഐലന്‍റ് ഡവലപ്പ്മെന്‍റ് അതോറിറ്റിയുടെ പുതുക്കിയ നിർദ്ദേശങ്ങൾ തീരദേശ പരിപാലന അതോറിറ്റി അംഗീകരിച്ചു. മന്ത്രി പി രാജീവിൻ്റെ ഇടപെടലാണ് പ്രശ്നപരിഹാരത്തിന് വഴി തെളിച്ചത്.
കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടോളമായി കൊച്ചി താന്തോണിത്തുരുത്ത് നിവാസികള്‍ നേരിടുന്ന പ്രശ്നമാണ് വേലിയേറ്റസമയത്തെ വെള്ളപ്പൊക്കം. ശാശ്വത പരിഹാരമായി ഔട്ടര്‍ ബണ്ട് നിര്‍മ്മിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യമെങ്കിലും തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതി വൈകുന്നതായിരുന്നു പ്രധാന പ്രശ്നമെന്ന് ഗോശ്രീ ഐലന്‍റ് ഡവലപ്പ്മെന്‍റ് അതോറിറ്റിയും ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മന്ത്രി പി.രാജീവ് ഇടപെട്ട് തീരദേശപരിപാലന അതോറിറ്റി ഉദ്യോഗസ്ഥരെയും ജിഡ ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് യോഗം സംഘടിപ്പിച്ചത്.
5 മീറ്റര്‍ വീതിയില്‍ ഔട്ടര്‍ ബണ്ട് നിര്‍മ്മിക്കുന്നത് പാരിസ്ഥിതിക പ്രശ്നമുണ്ടാക്കും എന്നതിനാല്‍ വീതി 3 മീറ്ററാക്കി കുറയ്ക്കാന്‍ ജിഡ തീരുമാനിച്ചു. കൂടാതെ ബണ്ടിന്‍റെ ഉയരം 1.45 മീറ്റര്‍ എന്നത് 1.75 മീറ്ററാക്കാനും തീരുമാനിച്ചു.ഒപ്പം കണ്ടല്‍ക്കാടുകള്‍ നശിപ്പിക്കാത്ത നിര്‍മ്മാണരീതി അവലംബിക്കുമെന്നും മന്ത്രി പങ്കെടുത്ത യോഗത്തില്‍ ജിഡ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. പുതുക്കിയ ഈ നിര്‍ദേശങ്ങള്‍ തീരദേശ പരിപാലന അതോറിറ്റി അംഗീകരിച്ചതോടെ താന്തോണിത്തുരുത്ത് നിവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുകയാണെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു.
കേന്ദ്ര നിയമമനുസരിച്ച് CRZ പ്രദേശങ്ങളിൽ എക്സ്പേർട്ട് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ഇളവുകൾ കൊടുക്കുക. എന്നാല്‍ താന്തോണിത്തുരുത്തില്‍ പരിശോധന നടത്തിയ എക്സ്പെർട്ട് കമ്മിറ്റി ഔട്ടർ ബണ്ട് നിർമ്മിക്കുന്നതിനെതിരെയാണ് നിലപാട് സ്വീകരിച്ചത്. ഇതെത്തുടര്‍ന്നായിരുന്നു മന്ത്രി വിഷയത്തില്‍ ഇടപെട്ടതും പ്രശ്നപരിഹാരത്തിന് വഴിതെളിച്ചതും.