സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് സര്‍വ്വകക്ഷി യോഗത്തില്‍ പൂര്‍ണ പിന്തുണ

Spread the love

കളമശ്ശേരി സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് പൂര്‍ണ പിന്തുണ. സംസാരിച്ച എല്ലാ കക്ഷി നേതാക്കളും സര്‍ക്കാരിന്‍റെ സമയോചിതമായ ഇടപെടലിനെ അഭിനന്ദിക്കുകയും സമാധാനപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ ഉറപ്പു നല്‍കുകയും ചെയ്തു. ഇന്‍റലിജന്‍സ് സംവിധാനം കൂടുതൽ ശക്തിപ്പെടുത്താന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കും. കളമശ്ശേരി സംഭവത്തില്‍ പഴുതടച്ച അന്വഷണം നടത്തും. പരിക്കേറ്റവരുടെ ചികിത്സയ്ക്കാവശ്യ നടപടി കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്‍റെ മതേതര സ്വഭാവം കാത്തു സംരക്ഷിക്കാന്‍ എല്ലാവരും ഒത്തൊരുമിച്ച് നിന്നതില്‍ മുഖ്യമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു. ജനങ്ങളില്‍ ഭീതി ജനകമായ സാഹചര്യം സൃഷ്ടിക്കുമെന്ന വസ്തുത മുന്നില്‍ കണ്ട് ജാഗ്രത പുലര്‍ത്താന്‍ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞു. കേരളത്തിന്‍റെ മതസൗഹാര്‍ദ്ദവും സമാധാന അന്തരീക്ഷവും തകര്‍ക്കുന്ന തരത്തില്‍ വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കും. ഇത്തരം പ്രചാരണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. കേന്ദ്രമന്ത്രിയുടെ പ്രസ്താവന അപകടകരമായിരുന്നു എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. കേരളത്തിന്‍റെ മതനിരപേക്ഷ സ്വഭാവത്തെ സംശയ നിഴലിലാക്കുന്ന ഒന്നും അനുവദിക്കാന്‍ പാടില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചാരവേലക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. സര്‍ക്കാര്‍ സമയോചിത ഇടപെടലാണ് നടത്തിയതെന്ന് കോണ്‍ഗ്രസ് പ്രതിനിധി വി ടി ബല്‍റാം പറഞ്ഞു. സമൂഹത്തെ ഭിന്നിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും ഉരുക്കുമുഷ്ടി ഉപയോഗിച്ച് ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകരണമെന്നും മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യോഗത്തില്‍ മന്ത്രിമാരായ കെ രാജന്‍, റോഷി അഗസ്റ്റിന്‍, എ കെ ശശീന്ദ്രന്‍, ആന്‍റണി രാജു, പി രാജീവ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എം വി ഗോവിന്ദന്‍ (സിപിഐ എം), വി ടി ബല്‍റാം (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), പി പി സുനീര്‍ ( സിപിഐ), പി കെ കുഞ്ഞാലിക്കുട്ടി (ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്), ജോസ് കെ മാണി എം പി ( കേരളാ കോണ്‍ഗ്രസ് എം), മാത്യു ടി തോമസ് എം എല്‍ എ ( ജനതാദള്‍ സെക്കുലര്‍), മോന്‍സ് ജോസഫ് എംഎല്‍എ (കേരളാ കോണ്‍ഗ്രസ്), പി സി ചാക്കോ (എന്‍ സി പി), രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ (കോണ്‍ഗ്രസ് എസ്), ഫ്രാന്‍സിസ് തോമസ് (ജനാധിപത്യ കേരളാ കോണ്‍ഗ്രസ്), അഡ്വ. ജെ തംറൂഖ് (ഐ എന്‍ എല്‍), സി വേണുഗോപാലന്‍ നായര്‍ (കേരളാ കോണ്‍ഗ്രസ് ബി), ജി ബാലകൃഷ്ണപ്പിള്ള ( റവല്യൂഷ്ണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി ) അഡ്വ. ഷാജ ജി എസ് പണിക്കര്‍ ( ആര്‍ എസ് പി (ലെനിനിസ്റ്റ്) , വാക്കനാട് രാധാകൃഷ്ണന്‍ (കേരളാ കോണ്‍ഗ്രസ് ജേക്കബ്), ഡോ. വര്‍ഗീസ് ജോര്‍ജ് ( രാഷ്ട്രീയ ജനതാദള്‍). ബാബു ദിവാകരന്‍ ( ആര്‍ എസ് പി), സി കൃഷ്ണകുമാര്‍ (ബിജെപി) എന്നിവര്‍ സംസാരിച്ചു. ചീഫ് സെക്രട്ടറി ഡോ. വേണു വി, സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *