നെന്മാറ ഇരട്ടക്കൊലക്കേസിൽ ചെന്താമരയുടെ ജാമ്യാപേക്ഷ തള്ളി
പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുടെ ജാമ്യാപേക്ഷ തള്ളി. ആലത്തൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കാനാവില്ലെന്ന് ഉത്തരവിട്ടത്. മുന്‍കൂര്‍ നോട്ടിസ് നല്‍കാതെയുള്ള അറസ്റ്റിന് നിയമസാധുതയില്ലെന്നത് ഉള്‍പ്പെടെ വ്യക്തമാക്കി അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
പ്രഥമ ദൃഷ്ടാ ചെന്താമരയുടെ പങ്ക് തെളിയിക്കുന്ന കാര്യങ്ങള്‍ അന്വേഷണ സംഘം സമര്‍പ്പിച്ചിട്ടുണ്ടെന്ന് മജിസ്‌ട്രേറ്റ് വ്യക്തമാക്കി. അറസ്റ്റ് നടപടികളില്‍ പിഴവുണ്ടെന്ന വാദം ജാമ്യം നേടാനുള്ള വഴിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അഭിഭാഷകന്‍ ജേക്കബ് മാത്യു മുഖേനയാണ് ആലത്തൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ചെന്താമര ജാമ്യാപക്ഷേ നല്‍കിയത്. ഇരട്ടക്കൊലക്കേസില്‍ റിമാന്‍ഡിലുള്ള ചെന്താമര വിയ്യൂര്‍ ജയിലില്‍ കഴിയുകയാണ്.
ജനുവരി 27-നാണ് വ്യക്തി വൈരാഗ്യം കാരണം അയല്‍വാസിയായ സുധാകരന്‍, സുധാകരന്റെ അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019-ല്‍ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെയാണ് ചെന്താമര രണ്ടുപേരെക്കൂടി കൊലപ്പെടുത്തിയത്.