സുനിത വില്യംസും ബുച്ച് വിൽമോറും എട്ട് മാസത്തിനു ശേഷം തിരികെ ഭൂമിയിലേക്ക്; ദൗത്യത്തിന്റെ തീയതി പ്രഖ്യാപിച്ച് നാസ
ബഹിരാകാശത്ത് എട്ട് മാസത്തിലേറെ ചെലവഴിച്ചതിനു ശേഷം സുനിത വില്യംസ് മാർച്ചിൽ തിരികെയെത്തും. ക്രൂ-10 ദൗത്യം മാർച്ച് 12 ന് വിക്ഷേപിക്കുമെന്ന് നാസ അറിയിച്ചു.
2024 ജൂൺ 5നാണ് സുനിത വില്യംസും ബുച്ച് വിൽമോറും ബോയിങ് സ്റ്റാർ ലൈനർ എന്ന ബഹിരാകാശ പേടകത്തിൽ ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്. യാത്രയ്‌ക്കിടെ പേടകത്തിന് ഗുരുതര തകരാർ ഉണ്ടായെങ്കിലും 6ന് പേടകെ ബഹിരാകാശ നിലയത്തിലെത്തി. ബോയിങ് കമ്പനിയുടെ സ്റ്റാർ ലൈനർ പേടകത്തിന്റെ പരീക്ഷണ പറക്കലായിരുന്നു. സ്റ്റാർ ലൈനർ പേടകത്തിന്റെ ഉപയോഗക്ഷമത പരീക്ഷിക്കാനായിരുന്നു 8 ദിവസം ദൈർഘ്യമുള്ള പരീക്ഷണ ദൗത്യം.
പേടകത്തിലെ ചില ചെറു റോക്കറ്റുകളിൽ തകരാറുള്ളതായി ശ്രദ്ധയിൽപ്പെട്ടു. തകരാറുകൾ പരിഹരിക്കുന്നതുവരെ സ്റ്റാർ ലൈനറിലെ യാത്ര അസാധ്യമായതോടെ ബഹിരാകാശ നിലയത്തിൽ സുനിത വില്യംസും സഹയാത്രികൻ ബുച്ച് വിൽമോറും കുടുങ്ങുകയായിരുന്നു. സ്‌പേസ് എക്‌സിൻ്റെ ക്രൂ ഡ്രാഗൺ ക്യാപ്‌സ്യൂളായ എൻഡവറിലാകും ഇവരെ തിരികെ എത്തിക്കുക.ബഹിരാകാശ നിലയത്തിലേക്കും തിരിച്ചുമുള്ള ക്രൂ റൊട്ടേഷൻ ദൗത്യങ്ങൾ മാർച്ച് 12നാണ് ആരംഭിക്കുക.