ദില്ലിയിലെ പ്രധാന വിഷയം തെരഞ്ഞെടുക്കുന്ന സര്‍ക്കാരുകളെ ഭരിക്കാന്‍ അനുവദിക്കുന്നില്ല എന്നതാണ്: പ്രകാശ് കാരാട്ട്
ദില്ലിയിലെ പ്രധാന വിഷയം തെരഞ്ഞെടുക്കുന്ന സര്‍ക്കാരുകളെ ഭരിക്കാന്‍ അനുവദിക്കുന്നില്ല എന്നതാണെന്ന് പ്രകാശ് കാരാട്ട്. കേന്ദ്ര ഇടപെടല്‍ ഇല്ലാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയണമെന്നും ഗവര്‍ണറെ ഉപയോഗിച്ചുകൊണ്ട് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ദില്ലിയിലേത് വെറുമൊരു തെരഞ്ഞെടുപ്പല്ല, ധര്‍മ യുദ്ധമാണെന്ന് ദില്ലി മുഖ്യമന്ത്രി അതിഷി മര്‍ലേന പറഞ്ഞു. നല്ലവരും മോശപ്പെട്ടവരും തമ്മിലുള്ള പോരാട്ടമാണ് ദില്ലി തെരഞ്ഞെടുപ്പ്. ഒരു വശത്ത് വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന വിദ്യാസമ്പന്നരും മറുവശത്ത് ഗുണ്ടായിസം നടത്തുന്നവരും തമ്മിലുളള പോരാട്ടമാണിതെന്നും അതിഷി വ്യക്തമാക്കി.
ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ ആരംഭിച്ചിരുന്നു. 70 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. 699 പേര്‍ ജനവിധി തേടുന്നുണ്ട്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, ലോക്‌സഭാ കക്ഷി നേതാവ് രാഹുല്‍ ഗാന്ധി , സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി, പ്രകാശ് കാരാട്ട , ബൃന്ദാ കാരാട്ട് എന്നിങ്ങനെ പ്രമുഖര്‍ പോളിംഗ് ബൂത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. മൂന്നു മാസത്തിലധികമായി വാശിയേറിയ തെര്‍ഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷമാണ് ദില്ലി ജനത പോളിംഗ് ബൂത്തിലെക്ക് എത്തുന്നത്.
തുടര്‍ച്ചയായി മൂന്നാം തവണ അധികാരം ലക്ഷ്യമിട്ടായിരുന്നു ആം ആദ്മിയുടെ പ്രചരണം. അധികാരം തിരിച്ചു പിടിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും ഇളക്കി മറിച്ചുള്ള ക്യാമ്പയിന്‍ ആയിരുന്നു നടത്തിയത്. 35000 ത്തോളം പൊലീസ്, അര്‍ദ്ധ സൈനിക വിഭാഗത്തയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. രാവിലെ എഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും.