ദില്ലി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു
ദില്ലി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ശൈത്യകാലമായതിനാല്‍ ആദ്യ മണിക്കൂറുകളില്‍ പോളിംഗ് മന്ദഗതിയിലാണ്. രാഷ്ട്രപതി ,ഉപരാഷ്ട്രപതി, രാഹുല്‍ഗാന്ധി, പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട് ഉള്‍പ്പെടെ പ്രമുഖ ദേശീയ നേതാക്കളെല്ലാം വോട്ട് രേഖപ്പെടുത്തി. 11 മണിവരെ 19 .95 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
രാജ്യ തലസ്ഥാനം ജനവിധി എഴുതുകയാണ്. ചൂടും വാശിയും ഏറിയ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ശേഷമാണ് ദില്ലി പോളിംഗ് ബൂത്തിലെത്തുന്നത്. ശൈത്യകാലമായതിനാല്‍ ആദ്യ മണിക്കൂറുകളെ പോളിംഗ് കാര്യമായി ബാധിച്ചു.
രാഷ്ട്രപതി ദ്രൗപതി മുര്‍മു, ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖര്‍, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, സിപിഐഎം നേതാക്കളായ പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍, ദില്ലി മുഖ്യമന്ത്രി അതിഷി , അടക്കം പ്രമുഖരെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന സര്‍ക്കാരിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കാത്തതാണ് ദില്ലിയിലെ പ്രശ്‌നമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. ദില്ലിയില്‍ ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ എന്ന ദുരന്തം വരാതിരിക്കാന്‍ ആണ് തന്റെ വോട്ടെന്നും ബൃന്ദ കാരാട്ടും പ്രതികരിച്ചു.
അതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി കുംഭമേള നടക്കുന്ന പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തില്‍ സ്‌നാനം ചെയ്തു. ഏതുവിധേനയും അധികാരം തിരിച്ചുപിടിക്കാനുള്ള പ്രചരണത്തില്‍ ആയിരുന്നു ബിജെപി.
നാലാം തവണയും അധികാരം നിലനിര്‍ത്താന്‍ കാടിളക്കിയുള്ള പ്രചാരണമാണ് ആം ആദ്മി നടത്തിയത്. അതേസമയം കോണ്‍ഗ്രസിന് ഇത്തവണയും പ്രചരണ ഘട്ടങ്ങളില്‍ പോലും വലിയ തരംഗമാകാന്‍ കഴിഞ്ഞില്ല എന്നതും ശ്രദ്ധേയം