അറ്റാദായത്തിൽ നേരിയ ഇടിവുമായി എസ്ബിഐ ലൈഫ് ഇൻഷുറൻസ്
നടപ്പു സാമ്പത്തിക വർഷം ഡിസംബർ 31- ന് അവസാനിച്ച മൂന്നാം പാദത്തിൽ അറ്റാദായത്തിൽ നേരിയ ഇടിവുമായി എസ്ബിഐ ലൈഫ് ഇൻഷുറൻസ്. കണക്കുകൾ പ്രകാരം, 16.46 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ, അറ്റാദായം 304.13 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ 364.06 കോടി രൂപയുടെ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. അതേസമയം, അറ്റവരുമാനത്തിൽ മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. അറ്റവരുമാനം 6.35 ശതമാനം ഉയർന്ന് 19,170.80 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ അറ്റവരുമാനം 18,025 കോടി രൂപയാണ്.കമ്പനിയുടെ സ്ഥിരത അനുപാതം മുൻ സാമ്പത്തിക വർഷം മൂന്നാം പാദത്തിലെ 79.21 ശതമാനത്തിൽ നിന്ന് അവലോകന പാദത്തിൽ 80.53 ശതമാനമായി ഉയർന്നിട്ടുണ്ട്. കൂടാതെ, നടപ്പ് സാമ്പത്തിക വർഷം 9 മാസം വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ, കമ്പനിയുടെ മൊത്തത്തിലുള്ള ലാഭം 13 ശതമാനം വർദ്ധനവോടെ 940 കോടി രൂപയായി. രാജ്യത്തുടനീളം എസ്ബിഐ ലൈഫ് ഇൻഷുറൻസിന് 990 ഓഫീസുകളാണ് ഉള്ളത്.