നിര്‍മലം എം.ജി.യു ; കാമ്പസ് മാലിന്യം പണമായി മാറുന്ന വഴി

Spread the love

മനസുവച്ചാല്‍ കാമ്പസിലെ ഭക്ഷണാവശിഷ്ടങ്ങള്‍ മുതല്‍ കരിയില വരെയുള്ള മാലിന്യങ്ങള്‍ പണമാക്കി മാറ്റാം. കോട്ടയം മഹാത്മാ ഗാന്ധി സര്‍വകലാശാല , കേരളീയം പരിപാടിയിലെ സന്ദര്‍ശകര്‍ക്കു നല്‍കുന്ന സന്ദേശമിതാണ്. യൂണിവേഴ്സിറ്റി കോളജില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയ പ്രദര്‍ശനത്തിലെ എം.ജി. സര്‍വകലാശാലയുടെ സ്റ്റാളില്‍ കംപ്ലീറ്റ് പ്ലാന്റ് ഫുഡ്, പോട്ടിംഗ് മിക്സ്ചര്‍, പ്ലാന്റ് നൗ പോട്ടുകള്‍ തുടങ്ങിയ ഉത്പന്നങ്ങളായി അവതരിപ്പിച്ചിരിക്കുന്നത് കാമ്പസിലെ ജൈവാവശിഷ്ടങ്ങള്‍ സംസ്‌കരിച്ചതാണ്. 2020 ഫെബ്രുവരിയില്‍ നിര്‍മലം എം.ജി.യു എന്ന പേരില്‍ ആരംഭിച്ച ഗ്രീന്‍ പ്രോട്ടോക്കോള്‍ പദ്ധതി മാലിന്യ സംസ്‌കരണത്തിനൊപ്പം കുടുംബകൃഷിക്കും സംരംഭകത്വത്തിനുമുള്ള സാധ്യതകളാണ് വ്യക്തമാക്കുന്നത്. പഠിച്ചുകൊണ്ടിരിക്കുമ്പോള്‍തന്നെ വരുമാനം നേടാനുള്ള വഴിയും പദ്ധതി കാണിച്ചുതരുന്നു.കേരളീയത്തിന്റെ ഭാഗമായി യൂണിവേഴ്സിറ്റി കോളജില്‍ നടന്ന മൈക്രോ ഈവന്റില്‍ സര്‍വകലാശാലയുടെ കേരളീയം കോ-ഓര്‍ഡിനേറ്റര്‍ ഡോ. സന്തോഷ് തമ്പി ബിസിനസ് ഇന്നവേഷന്‍ ആന്‍ഡ് ഇന്‍കുബേഷന്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ഇ.കെ. രാധാകൃഷ്ണന്‍, നിര്‍മലം കണ്‍സള്‍ട്ടന്റ് കെ.എന്‍. സജീവ്, എന്നിവര്‍ നിര്‍മലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.കമ്പോസ്റ്റ്, ചകിരിച്ചോര്‍, ചാണകപ്പൊടി, കടലപ്പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക്, ചാരം, എല്ലുപൊടി തുടങ്ങിയവ ഉള്‍പ്പെട്ട മിശ്രിതമാണ് കംപ്ലീറ്റ് പ്ലാന്റ് ഫുഡ്. ചകിരിച്ചോര്‍ കംപോസ്റ്റിനൊപ്പം കംപ്ലീറ്റ് പ്ലാന്റ് ഫുഡും ചേര്‍ന്ന കോകോപീറ്റ് കംപോസ്റ്റാണ് മറ്റൊരിനം. ചെടികള്‍ നട്ടുവളര്‍ത്താന്‍ പാകത്തിലുള്ള പ്ലാന്റ് നൗ പോട്ടുകളില്‍ സര്‍വകലാശാലയിലെ എയ്‌റോബിക് കംപോസ്റ്റ് യൂണിറ്റുകളില്‍നിന്നുള്ള കംപോസ്റ്റാണ് നിറച്ചിരിക്കുന്നത്. പോട്ടിംഗ് മിക്‌സ്ചറും കരിയിലകള്‍ ശേഖരിച്ചു പൊടിച്ച് കൃഷിക്ക് ഉപയോഗിക്കാവുന്ന രൂപത്തിലാക്കിയ ഡ്രൈ ലീഫ് കംപോസ്റ്റും നിര്‍മലത്തിന്റെ ഭാഗമായി വില്‍ക്കുന്നുണ്ട്. സര്‍വകലാശാലയുടെ സ്റ്റാളില്‍ ഈ ഉത്പന്നങ്ങളുടെ വില്‍പനയും ബുക്കിംഗുമുണ്ട്. വൈകാതെ ഇവ ഓണ്‍ലൈനിലുംലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *