ഓപ്പൺ എഐ വെല്ലുവിളി നേരിടാൻ സർവ്വ സന്നാഹമൊരുക്കി ഗൂഗിൾ
നിർമ്മിത ബുദ്ധി അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന ഒരു കാല ഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. ചാറ്റ് ജിപിടി എന്ന ചാറ്റ്ബോട്ടിന്‍റെ വരവ് നിർമ്മിത ബുദ്ധി യുദ്ധം മറ്റൊരു തലത്തിലേക്ക് തന്നെ മാറ്റി മറിച്ചു. ഇന്ന് ഗൂഗിളും മൈക്രോസോഫ്‌റ്റും അടക്കമുള്ള വമ്പന്മാർ എഐ സംവിധാനങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
ഓപണ്‍ എഐ പോലുള്ള കമ്പനികളില്‍ നിന്നുയരുന്ന മത്സരത്തെ നേരിടാന്‍ അവസാന അടവും പയറ്റാനൊരുങ്ങുന്ന ഗൂഗിൾ 10 ശതമാനം പേരെ പിരിച്ചുവിടുമെന്നാണ് മുന്നറിയിപ്പ്. മാനേജര്‍മാര്‍, ഡയറക്ടര്‍മാര്‍, വൈസ് പ്രസിഡന്റുമാര്‍ തുടങ്ങിയ ഉന്നത പദവികളിൽ നിന്നാവും കൂട്ടപ്പിരിച്ചു വിടൽ നടക്കുക.
20% കൂടുതൽ കാര്യക്ഷമമാക്കുക എന്ന സുന്ദർ പിച്ചൈയുടെ ലക്ഷ്യത്തിൻ്റെ ഭാഗമായിട്ടാണ് ഈ നീക്കം. മാനേജ്‌മെൻ്റിൽ നിന്ന് ആളുകളുടെ എണ്ണം കുറച്ച് കൂടുതൽ ശക്തമായ ടീമുകളെ വാർത്തെടുത്ത് എഐ, ക്ലൗഡ് കമ്പ്യൂട്ടിംഗ് തുടങ്ങി ആവശ്യമുള്ള മേഖലകളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് ഗൂഗിളില്‍ മാനേജര്‍ പദവികളില്‍ 30,000 ജീവനക്കാരാണുള്ളത്.
പുതിയ കാലത്തിൻ്റെ മാറ്റങ്ങൾക്കനുസരിച്ചുള്ള പുനക്രമീകരണത്തിനാണ് ഗൂഗിള്‍ തയ്യാറെടുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജീവനക്കാരെ വെട്ടിക്കുറക്കുന്നത് സിലിക്കൺ വാലിയിൽ പുതിയ സംഭവമല്ല. പതിനായിരക്കണക്കിന് ജീവനക്കാരെയാണ് ഈ വർഷം മാത്രം വിവിധ കമ്പനികൾ പുറത്താക്കിയത്.