മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിന് വിട നല്‍കി രാജ്യം

Spread the love

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിന് വിട നല്‍കി രാജ്യം. സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ദില്ലി നിഗം ബോധ്ഘട്ടില്‍ നടന്നു. രാഷ്ട്രപതിയും പ്രധാനന്ത്രിയും അടക്കമുള്ളവര്‍ നിഗംബോധ്ഘട്ടിലെത്തി മന്‍മോഹന്‍സിംഗിന് ആദരാഞ്ജലി അര്‍പ്പിച്ചു.

കഴിഞ്ഞദിവസം നിരവധി രാഷ്ട്രീയപ്രമുഖരാണ് മന്‍മോഹന്‍സിംഗിന് അന്തിമോപചാരമര്‍പ്പിക്കാന്‍ ദില്ലിയിലെ വസതിയിലെത്തിയത്. ദീര്‍ഘവീക്ഷണമുള്ള ഒരു രാഷ്ട്ര തന്ത്രജ്ഞന്‍, സൗമ്യനായ സഹപ്രവര്‍ത്തകന്‍ എന്നിങ്ങനെ വിശേഷണങ്ങള്‍ ഏറെയുള്ള നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ദില്ലി മോത്തി ലാല്‍ നെഹ്‌റു നഗറിലെ മൂന്നാം നമ്പര്‍ വസതിയിലേക്കെത്തിയത് നിരവധി രാഷ്ട്രീയ പ്രമുഖര്‍ ആണ്. രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, ജെപി നദ്ദ,രാജനാഥ് സിംഗ് തുടങ്ങി ബിജെപിയുടെ പ്രധാന നേതാക്കള്‍ വസതിയിലെത്തി മൃതശരീരത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.

ശ്വാസകോശസംബന്ധ രോഗത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയോടെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാവുകയും രാത്രിയോടെ അന്ത്യം സംഭവിക്കുകയുമായിരുന്നു. മന്‍മോഹന്‍സിംഗിന്റെ വിയോഗത്തില്‍ അനുശോചിച്ചുകൊണ്ട് രാജ്യത്ത് ഏഴു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *