ചോദ്യപേപ്പർ ചോർച്ച; എംഎസ് സൊല്യൂഷനിലെ അധ്യാപകർക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചു

Spread the love

ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് എംഎസ് സൊല്യൂഷനിലെ അധ്യാപകർക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചു. ഈ മാസം 30, 31 തീയതികളിൽ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാനാണ് നോട്ടീസ് അതേസമയം എം എസ് സൊല്യൂഷൻ സിഇഒ ശുഹൈബിനായുള്ള തെരച്ചിൽ ക്രൈംബ്രാഞ്ച് ഊർജിതമാക്കി. ഇനിയും ഹാജരായില്ലെങ്കിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.

കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പി കെകെ മൊയ്തീൻകുട്ടിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. അതേസമയം ചില യൂട്യൂബ് ചാനലുകളിൽ ചോദ്യപേപ്പർ വന്നത് അതീവ ഗൗരവ സംഭവമാണെന്നും കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

“പരീക്ഷ നടത്തിപ്പിൽ ഒരു വിട്ടുവീഴ്ചയ്ക്കും സർക്കാർ തയ്യാറല്ല.രണ്ട് സെറ്റ് ചോദ്യപേപ്പർ തയ്യാറാക്കിയിരുന്നു.ചോദ്യപേപ്പർ തയ്യാറാക്കുന്നവരും വിതരണം ചെയ്യുന്നവരും അറിയാതെ പുറത്ത് പോകില്ല.” – അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങൾ പൊതുവിദ്യാഭ്യാസ മേഖലയോടുള്ള വെല്ലുവിളിയാണെന്നും തിങ്കളാഴ്ച വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും ഏതൊക്കെ അധ്യാപകരാണ് സ്വകാര്യ ട്യൂഷൻ സെൻ്ററുകളിൽ പോകുന്നത് എന്നത് പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇത്തരം അധ്യാപകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *