കനത്ത മഞ്ഞ് വീഴ്ചയിൽ റിസോർട്ടിൽ കുടുങ്ങിയ 5000 വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി

Spread the love

ഇന്ത്യയിൽ സഞ്ചാരികളുടെ സ്വപ്നഭൂമിയായ കുളു മണാലിയിൽ കനത്ത മഞ്ഞു വീഴ്ച. പ്രദേശത്ത് മഞ്ഞുവീഴ്ച രൂക്ഷമായതോടെ കുളുവിലെ റിസോർട്ടിൽ കുടുങ്ങിയ 5000 വിനോദ സഞ്ചാരികളെ പൊലീസ് രക്ഷപ്പെടുത്തി. സോളങ് നാലയിലെ സ്‌കീ റിസോര്‍ട്ടിലാണ് വിനോദ സഞ്ചാരികള്‍ കുടുങ്ങിയത്.

ആയിരത്തിലേറെ വാഹനങ്ങളും റോഡില്‍ കുടുങ്ങി. മേഖലയിൽ രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും വിനോദ സഞ്ചാരികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്നും കുളു പൊലീസ് പറഞ്ഞു.

ഹിമാചലിലെ ലൗഹൗള്‍ – സ്പിതി, ചമ്പ, കാന്‍ഗ്ര, ഷിംല, കിന്നൗര്‍, കുളു എന്നിവയുള്‍പ്പെടെ ആറ് ജില്ലകളിലാണ് കനത്ത മഞ്ഞുവീഴ്ച ഉണ്ടായിട്ടുള്ളത്. കനത്ത മഞ്ഞുവീഴ്ചയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിലവിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ മുതൽ ബിലാസ്പൂര്‍, ഹാമിര്‍പൂര്‍, ഉന ജില്ലകളിലും ശക്തമായ തണുപ്പ് തരംഗമുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം കണക്കുകൂട്ടുന്നത്. മാണ്ഡി, കുളു, ചമ്പ എന്നിടങ്ങളിലും ജനുവരി 1 വരെ കഠിമായ തണുപ്പ് തുടരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *