കനത്ത മഞ്ഞുവീഴ്‌ച: അടൽ തുരങ്കം അടഞ്ഞു
ഹിമാചലിൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ക്രിസ്‌മസ് – പുതുവത്സരാഘോഷത്തിനായി എത്തിയ വിനോദസഞ്ചാരികളും വാഹനങ്ങളും 21 മണിക്കൂറിലേറെ അടൽ തുരങ്ക പാതയിൽ കുടുങ്ങി. മഞ്ഞുമൂടിയതോടെ സംസ്ഥാനത്തെ 174 റോഡും മൂന്നുദേശീയ പാതകളും പൂർണ്ണമായും അടച്ചു.
ഏത് പ്രതികൂല കാലാവസ്ഥയിലും ഉപയോഗിക്കാൻ സാധിക്കുമെന്ന അവകാശവാദം ഉന്നയിച്ച് നിർമിക്കപ്പെട്ട തുരങ്കപാതയിൽ രണ്ടായിരത്തോളം വാഹനങ്ങളാണ് കുടുങ്ങിയത്. അടൽ തുരങ്കത്തിനും സോലങ്ങിനുമിടയിൽ തിങ്കൾ ഉച്ചയോടെയാണ് വൻ ഗതാഗതക്കുരുക്കുണ്ടായത്. മലയാളികളടക്കമുള്ള വിനോദസഞ്ചാരികൾ കൊടുംതണുപ്പിൽ വഴിയിൽ അകപ്പെട്ടു. കനത്ത മഞ്ഞുവീഴ്‌ച കാരണം തുരങ്കത്തിന്റ രണ്ടുവശങ്ങളിലും വാഹനങ്ങൾ ചലിക്കാനാകാത്ത സ്ഥിതി ഉണ്ടായി.
പൊലീസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തിങ്കളാഴ്ച പകൽ രണ്ടോടെ ആരംഭിച്ചു, ചൊവ്വ രാവിലെ പത്തോടെയാണ് കുരുക്ക് പൂർണമായും അഴിക്കാൻ സാധിച്ചത്. വിനോദസഞ്ചാരികളെയും വാഹനങ്ങളെയും സുരക്ഷിതമായി ഒഴിപ്പിച്ചെന്ന് പൊലീസ് അറിയിച്ചു.
മഞ്ഞിൽ പ്രവർത്തിക്കാൻ ശേഷിയില്ലാത്ത വാഹനങ്ങളിലാണ് മണാലിയിലേക്ക് ഭൂപിപക്ഷം സഞ്ചാരികളും എത്തിയതെന്നും പൊലീസ് പറഞ്ഞു. റോഡിന്റെ ഉപരിതലത്തിൽ വെള്ളം ഉറഞ്ഞതോടെ ടയറുകൾ തെന്നിമാറുക പതിവാണ്. ടയറുകളിൽ ചങ്ങലചുറ്റിയാണ് പ്രതിരോധിക്കാനാവുക. ഭൂരിപക്ഷം വാഹനങ്ങൾക്കും ഇതുണ്ടായിരുന്നില്ല. മഞ്ഞുകാലത്ത് സംസ്ഥാനത്തേയ്‌ക്ക് 4 x 4 വാഹനങ്ങളിൽ എത്തണമെന്നും പൊലീസ് അഭ്യർഥിച്ചു.