ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ബിഹാർ ഗവർണറായി പുതിയ നിയമനം

Spread the love

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ബിഹാർ ഗവർണറായി പുതിയ നിയമനം ലഭിച്ചതോടെ അന്യ സംസ്ഥാനങ്ങളിൽ നടത്തിവന്നിരുന്ന യാത്ര വെട്ടിച്ചുരുക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാളെ തിരുവനന്തപുരത്ത് തിരിച്ചെത്തും. നേരത്തെ ഈ മാസം 28ന് തിരിച്ചെത്താൻ ആയിരുന്നു ഗവർണറുടെ തീരുമാനം. എന്നാൽ, ഗവർണർ സ്ഥാനത്തേക്കുള്ള പുതിയ നിയമനത്തിൻ്റെ പശ്ചാത്തലത്തിൽ ആരിഫ് മുഹമ്മദ് ഖാൻ യാത്ര വെട്ടിച്ചുരുക്കുകയായിരുന്നു.

2024 സെപ്റ്റംബറിൽ ആരിഫ് മുഹമ്മദ് ഖാൻ്റെ ഗവർണർ സ്ഥാനത്തെ കാലാവധി അവസാനിച്ചിരുന്നെങ്കിലും അദ്ദേഹം സ്ഥാനത്ത് തുടരുകയായിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാന സർക്കാരിനോട് ഏറ്റുമുട്ടുന്ന തരത്തിലുള്ള നിലപാടുകളായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിച്ചിരുന്നത്. ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർവകലാശാലകളിൽ ഭരണഘടന വിരുദ്ധമായ നടപടികൾ തുടരുന്നതിൻ്റെ പേരിൽ വലിയ പ്രതിഷേധം സംസ്ഥാനത്ത് ഏറ്റുവാങ്ങുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ബീഹാർ ഗവർണറായുള്ള അദ്ദേഹത്തിൻ്റെ പുതിയ നിയമനം.

കേരള നിയമസഭയെ പോലും വെല്ലുവിളിച്ചു കൊണ്ടാണ് ഗവർണർ നിയമസഭ പാസാക്കിയ ബില്ലുകൾ പിടിച്ചുവെച്ചതും അനിശ്ചിതത്വത്തിലാക്കിയതും. സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നതിലും സെനറ്റിലേക്കുള്ള നോമിനേഷനിലും അടക്കം ആർഎസ്എസുകാരെ തിരുകി കയറ്റാൻ ശ്രമിച്ചു എന്നതും വലിയ വിമർശനമാണ് ഗവർണർക്കെതിരെ സൃഷ്ടിച്ചത്.

കഴിഞ്ഞ 5 വർഷത്തിനിടെ ഏറ്റവും കൂടുതൽ കാലം കേരളത്തിന് പുറത്തായിരുന്ന ഗവർണർ എന്നതും ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള വലിയ വിമർശനമാണ്. നിലവിൽ പല സംസ്ഥാനങ്ങളിലായി യാത്ര തുടരുന്ന ആരിഫ് മുഹമ്മദ് ഖാൻ പുതിയ നിയമനത്തിൻ്റെ പശ്ചാത്തലത്തിൽ യാത്ര വെട്ടിച്ചുരുക്കി വൈകീട്ടോടെ കേരളത്തിലെത്തും എന്നാണ് വിവരം. എൻഡിഎയുടെ ഘടകകക്ഷി ഭരിക്കുന്ന ബീഹാറിൽ എന്ത് നിലപാടായിരിക്കും ആരിഫ് മുഹമ്മദ് ഖാൻ എന്ന ഗവർണർ സ്വീകരിക്കുക എന്നതാണ് ഇപ്പോൾ ഏവരും ഉറ്റുനോക്കുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *