സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം പങ്കുവെച്ച് ലോകമെങ്ങും ഇന്ന് ക്രിസ്മസ് ആഘോഷം…
സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം പങ്കുവെച്ച് ലോകമെങ്ങും ഇന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. ക്രിസ്തുവിന്റെ ജന്മനാട് സ്ഥിതിചെയ്യുന്ന ബത്ലഹേമില്‍ ഉള്‍പ്പെടെ യുദ്ധങ്ങളും വംശഹത്യയും കൊടുമ്പിരി കൊള്ളുമ്പോള്‍ ലോകസമാധാനത്തിന്റെ സന്ദേശമാണ് ക്രിസ്മസ് പകര്‍ന്നു നല്‍കുന്നത്.
സമാധാനത്തിന്റേയും സന്തോഷത്തിന്റെയും ക്രിസ്മസ് പുലരിയെ വരവേറ്റ് വിവിധ പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനാ ശുശ്രൂഷകള്‍ നടന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഇരുപത്തിയഞ്ച് വര്‍ഷത്തിലൊരിക്കല്‍ മാത്രം തുറക്കുന്ന വിശുദ്ധ കവാടം ഫ്രാന്‍സിസ് മാര്‍പാപ്പ തുറന്നു.
ഇതോടെ ആഗോള കത്തോലിക്കാ സഭയുടെ ജൂബിലി വര്‍ഷാചരണത്തിന് തുടക്കമായി. ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് റോമിലെ റെബീബിയയിലെ ജയിലിലും ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ വാതില്‍ തുറക്കും.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ വിശുദ്ധ കവാടം തുറന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ക്രിസ്മസ് സന്ദേശം നല്‍കി. യുദ്ധവും അക്രമവും കാരണം തകര്‍ക്കപ്പെട്ട എല്ലാ സ്ഥലങ്ങളിലും പ്രത്യാശ പകരാന്‍ ക്രിസ്മസിനാകട്ടേയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആശംസിച്ചു.
ബത്ലഹേമിലെ കാലിത്തൊഴുത്തില്‍ കന്യാമറിയത്തിന്റെയും ജോസഫിന്റെയും മകനായി യേശു ജനിച്ചു എന്നാണ് ഐതിഹ്യം. മതപരമായ പ്രാധാന്യത്തിനപ്പുറം ലോകമെങ്ങുമുള്ള എല്ലാവരും ഒരുപോലെ ആഘോഷിക്കുന്ന ഒരു ഉത്സവം കൂടിയാണ് ക്രിസ്മസ്. ക്രിസ്തു വര്‍ഷം നാലാം നൂറ്റാണ്ട് മുതലാണ് ഡിസംബര്‍ 25 ക്രിസ്മസായി ആചരിക്കാന്‍ തുടങ്ങിയതെന്നാണ് അറിയപ്പെടുന്നത്.