സംസ്ഥാന സ്കൂൾ കലോത്സവം ജനുവരിയിൽ കൊല്ലം വേദിയാകും
സംസ്ഥാന തല സ്കൂൾ കലാകായിക മേളകളുടെ വേദികൾ പ്രഖ്യാപിച്ചു. സംസ്ഥാന സ്കൂൾ കലോത്സവം ജനുവരിയിൽ കൊല്ലം വേദിയാകും. കായിക മേള ഒക്ടോബറിൽ കുന്നംകുളത്തും സെപ്ഷ്യൽ സ്കൂൾ മേള നവംബറിൽ എറണാകുളത്തും നടക്കും.ഡിസംബർ മാസത്തിൽ തിരുവനന്തപുരത്താണ് ശാസ്ത്ര മേള നടക്കുക. കഴിഞ്ഞ കലോത്സവത്തിന് കോഴിക്കോട് ആയിരുന്നു വേദി. മികച്ച രീതിയിൽ ജന പങ്കാളിത്തം ഉണ്ടായിരുന്ന മേളയായിരുന്നു കോഴിക്കോട്.ഈ വർഷം ജനുവരി 3 നായിരുന്നു കലോത്സവം. മുഖ്യമന്ത്രി പിണറായി വിജയനാണ് കലോത്സവം ഉദ്ഘാടനം ചെയ്തത്. 2 വർഷത്തെ കോവിഡ് ഇടവേളയ്ക്കു ശേഷമാണ് കലോത്സവം നടന്നത്. 24 വേദികളിൽ 239 ഇനങ്ങളിലായി 14,000 കുട്ടികളാണ് പങ്കെടുത്തത്.അപ്പീലുമായി എത്തിയവരെക്കൂടാതെ 9352 മത്സരാർഥികൾ പങ്കെടുത്തു. ജനുവരി ഏഴിന് സമാപനസമ്മേളനം നിയമസഭാ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്‌ഘാടനം ചെയ്തു. ഗായിക കെ.എസ്. ചിത്ര മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു.