വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം; ഓപ്പറേഷണൽ ഘട്ടത്തിന് ഇന്ന് തുടക്കമായി
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ ഒന്നാം ഘട്ടം പ്രവർത്തനക്ഷമമായി. തുറമുഖത്തിന്‍റെ ഓപ്പറേഷണൽ ഘട്ടത്തിന് ഇന്ന് തുടക്കമായി. നാളെ പ്രൊവിഷണൽ കംപ്ളീഷൻ സർട്ടിഫിക്കറ്റ് കൈമാറും.
കേരളത്തിന്‍റെ സ്വപ്നം അതിന്‍റെ പ്രവർത്തി പഥത്തിൽ മിഴി തുറക്കുകയാണ്. കഴിഞ്ഞ ആഴ്ചയിലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ അനുബന്ധ കരാർ ഒപ്പിട്ടത്. അതിന് പിന്നാലെയാണ് ഓപ്പറേഷണൽ ഘട്ടത്തിന് ഇന്ന് തുടക്കമായത്.
മന്ത്രി വി എൻ വാസവന്‍റെ മേൽനോട്ടത്തിലാണ് പ്രവർത്തികൾ വേഗത്തിൽ പുരോഗമിക്കുന്നത്. VISL, AVPPL, IIT മദ്രാസ് എന്നീ ഏജൻസികൾ സംയുക്തമായി കരാർ പ്രകാരമുള്ള നടപടികൾ പൂർത്തീകരിച്ചു. പ്രൊവിഷണൽ കംപ്ലീഷൻ സർട്ടിഫിക്കറ്റ് നാളെ കൈമാറും.
തുറമുഖത്തിനെ ബാധിക്കാത്ത ചില നിർമ്മാണ പ്രവർത്തനങ്ങൾ നിലനിൽക്കുന്നതിനാലാണ് പ്രൊവിഷണൽ കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകുന്നത്. ആദ്യ ഘട്ടത്തിന്‍റെ കമ്മീഷനിംഗ് ഉദ്ഘാടന ചടങ്ങ് ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ നടത്താനാണ് സർക്കാർ നീക്കം.
നാല് മാസമായി നടന്നു വന്ന ട്രയൽ റൺ തിങ്കളാഴ്ച അവസാനിച്ചു. ട്രയൽ റണ്ണിനിടെ വൻകിട ചരക്ക് കപ്പലുകൾ ഉൾപ്പെടെ 70 കപ്പലുകളാണ് വിഴിഞ്ഞത്ത് എത്തിയത്. 1.47 ലക്ഷം കണ്ടെയ്നറുകൾ തുറമുഖം കൈകാര്യം ചെയ്തത്. തുറമുഖം പ്രവർത്തന സജ്ജമായ സാഹചര്യത്തിൽ വലിയ കപ്പലുകളിൽ ചരക്ക് എത്തിച്ച് ചെറിയ കപ്പലുകളിൽ മറ്റിടങ്ങളിൽ എത്തിക്കുന്ന ട്രാൻസ്ഷിപ്മെന്‍റാകും പ്രധാനമായും നടക്കുക.