വയറും ഒതുങ്ങും, ഷുഗറും കൂടില്ല; ഉച്ചഭക്ഷണത്തിന് ശേഷം ഓഫീസിലെ ഈ ശീലം ഒഴിവാക്കൂ
ഉച്ചഭക്ഷണത്തിന് ശേഷം ഓഫീസുകളിൽ നമ്മൾ പതിവായി ചെയ്യുന്ന ഒരു ശീലം ആരോഗ്യത്തിന് വലിയ വെല്ലുവിളിയാകുന്നുവെന്ന് ഗ്യാസ്‌ട്രോ എൻട്രോളജിസ്റ്റ് ഡോ.പാൽ മാണിക്കത്തിന്റെ മുന്നറിയിപ്പ്. നമ്മളിൽ പലരും ഉച്ചഭക്ഷണം കഴിച്ചാലുടൻ തിരികെ സീറ്റിൽ വന്നിരുന്ന് ജോലിയിൽ മുഴുകുന്നവരോ അല്ലെങ്കിൽ ഫോണിൽ നോക്കിയിരിക്കുന്നവരോ ആണ്. എന്നാൽ ഈ ശീലം ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിപ്പിക്കാനും വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടാനും കാരണമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.ഭക്ഷണം കഴിച്ചയുടൻ അനക്കമില്ലാതെ ഇരിക്കുന്നത് ദഹനപ്രക്രിയയെ മന്ദഗതിയിലാക്കുന്നു. ഇത് ഗ്യാസ്, അസിഡിറ്റി, വയർ വീർക്കുന്ന അസ്വസ്ഥത എന്നിവയിലേക്ക് നയിക്കും. ദഹനവ്യവസ്ഥ ശരിയായി പ്രവർത്തിക്കാൻ ശരീരത്തിന് ചെറിയ തോതിലുള്ള ചലനം അത്യാവശ്യമാണെന്ന് അദ്ദേഹം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ഈ ശീലത്തെ തിരുത്താൻ ’10 മിനിറ്റ് നിയമം’ അദ്ദേഹം നിർദേശിച്ചിട്ടുണ്ട്.*എന്താണ് ഡോക്ടർ നിർദേശിക്കുന്ന ’10 മിനിറ്റ് നിയമം’?*വലിയ വ്യായാമങ്ങളോ ജിമ്മിൽ പോക്കോ ഇതിനായി ആവശ്യമില്ല. ഉച്ചഭക്ഷണത്തിന് ശേഷം സീറ്റിലേക്ക് മടങ്ങുന്നതിന് പകരം വെറും 10 മിനിറ്റ് ലഘുവായി നടക്കുക എന്നതാണ് ഈ നിയമം. ഇതിന്റെ ഗുണങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. *രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നു.* ഭക്ഷണത്തിന് ശേഷമുള്ള നടത്തം ഇൻസുലിൻ കാര്യക്ഷമമായി ഉപയോഗിക്കാൻ ശരീരത്തെ സഹായിക്കുന്നു.*ദഹനം സുഗമമാക്കുന്നു.* നടത്തം കുടലിലെ ചലനങ്ങളെ സഹായിക്കുകയും ദഹനം വേഗത്തിലാക്കുകയും ചെയ്യുന്നു.*ഊർജം വർധിപ്പിക്കുന്നു.* ഉച്ചയ്ക്ക് ശേഷമുള്ള മടുപ്പും ഉറക്കവും ഒഴിവാക്കി ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കും.ഹൈദരാബാദിലെ ന്യൂറോളജിസ്റ്റ് ഡോ.സുധീർ കുമാറും ഈ അഭിപ്രായത്തെ പിന്തുണയ്ക്കുന്നു. രാവിലെ മാത്രം ദീർഘനേരം നടന്നിട്ട് ബാക്കി സമയം മുഴുവൻ ഇരിക്കുന്നത് അത്ര ഗുണകരമല്ല. പകരം, ഓരോ മണിക്കൂറിലും മൂന്ന് മിനിറ്റെങ്കിലും എഴുന്നേറ്റ് നടക്കുന്നത് മെറ്റബോളിസം വർധിപ്പിക്കാൻ സഹായിക്കും.ഉച്ചഭക്ഷണത്തിന് ശേഷമുള്ള ഈ പത്ത് മിനിറ്റ് നടത്തം ആരോഗ്യത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. പ്രമേഹം, അമിതവണ്ണം തുടങ്ങിയ ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാൻ ഈ ലളിതമായ ശീലം ഇന്നുതന്നെ ശീലമാക്കാവുന്നതാണ്.

