മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷം; ഇംഫാലിൽ മുഴുവന്‍ സ്‌കൂളുകളും നവംബര്‍ 23 വരെ അടച്ചിടും

Spread the love

മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നു. ഇംഫാല്‍ താഴ്വരയിലെ മുഴുവന്‍ സ്‌കൂളുകളും നവംബര്‍ 23 വരെ അടച്ചിടും. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെടുത്തത്. സംഘര്‍ഷത്തെത്തുടര്‍ന്ന് ഇംഫാലിലെ അഞ്ച് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് നേരത്ത അവധി പ്രഖ്യാപിച്ചിരുന്നു.

അതേസമയം, മണിപ്പൂരിൽ അക്രമങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ ഇന്‍റർനെറ്റ് നിരോധനം മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി സർക്കാർ ഉത്തരവ്. പ്രശ്നബാധിതമായ 7 ജില്ലകളിലെ ഇന്‍റർനെറ്റ് സേവനങ്ങളാണ് മൂന്ന് ദിവസത്തേക്ക് കൂടി നിർത്തിവെച്ച് സർക്കാർ ഉത്തരവിറക്കിയത്. നേരത്തെ നവംബർ 16ന് ആണ് രണ്ട് ദിവസത്തേക്ക് ഇന്‍റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നത്.

പിന്നീട് അത് രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. തുടർന്ന് വീണ്ടും ഇപ്പോൾ 3 ദിവസത്തേക്ക് കൂടി ഇൻ്റർനെറ്റ് നിരോധനം നീട്ടിയിരിക്കുന്നതായാണ് ഉത്തരവിൽ നിന്നും വ്യക്തമാകുന്നത്. ക്രമസമാധാന പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചേക്കാവുന്ന ഉള്ളടക്കങ്ങളുള്ള പോസ്റ്റുകൾ സാമൂഹിക വിരുദ്ധർ പ്രചരിപ്പിക്കുന്നത് തടയുന്നതിനായാണ് സർക്കാർ നടപടി.

അതേസമയം, മണിപ്പൂരില്‍ അക്രമം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. ചര്‍ച്ചകളിലൂടെ രാഷ്ട്രീയപരിഹാരം കാണണം. സമാധാനം ഉടന്‍ പുനഃസ്ഥാപിക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *