വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനില്‍ തംസുമിനെ കണ്ടെത്തിയെന്ന വാര്‍ത്ത
തിരുവനന്തപുരം: കണ്ണീരിന്റെ പാളങ്ങള്‍ കടന്ന് രണ്ടു നാളിനിപ്പുറം ആശ്വാസത്തിന്റെ വാര്‍ത്ത വന്നു; വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനില്‍ തംസുമിനെ കണ്ടെത്തിയെന്ന വാര്‍ത്ത. കരഞ്ഞുതളര്‍ന്നിരുന്ന അച്ഛനും അമ്മയും ആശ്വാസത്തോടെ ഏവര്‍ക്കും നന്ദിപറഞ്ഞു. ബുധനാഴ്ച രാത്രി പത്തരയോടെയാണ്, വീടുവിട്ടിറങ്ങിയ മകള്‍ തസ്മിദ് തംസുമിനെ കണ്ടെത്തിയെന്ന വിവരമറിഞ്ഞത്. കഴക്കൂട്ടത്തെ വീട്ടില്‍ അതോടെ ആശ്വാസം പടികയറിവന്നു.കുട്ടിയെ കണ്ടെത്തിയെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നപ്പോള്‍ത്തന്നെ ആ വീട്ടില്‍ ആകുലത ഒഴിഞ്ഞുതുടങ്ങി. അച്ഛന്‍ അന്‍വര്‍ ഹുസൈനും അമ്മ പര്‍ബീണും നിറകണ്ണുകളോടെ ഏവരോടും നന്ദിപറഞ്ഞു.”കേരളത്തിലെ ആള്‍ക്കാര്‍ നല്ലവരാണ്. ഇവിടുത്തെ പോലീസും. നിങ്ങള്‍ ഞങ്ങളുടെ കുട്ടിയെ തിരികെത്തന്നു. എല്ലാവര്‍ക്കും നന്ദി”- അന്‍വര്‍ ഹുസൈന്‍ പറഞ്ഞു.വിശാഖപട്ടണത്തെ മലയാളി അസോസിയേഷന്‍ ഭാരവാഹികളും റെയില്‍വേ പോലീസും ചേര്‍ന്ന് മാതാപിതാക്കള്‍ക്ക് കുട്ടിയുമായി സംസാരിക്കാനും അവസരമുണ്ടാക്കിക്കൊടുത്തു. തംസുംഫോണെടുത്തയുടന്‍തന്നെ അമ്മയ്ക്കു വിങ്ങലായി. ‘എന്തെങ്കിലും കഴിച്ചോ’ എന്നായിരുന്നു ആദ്യ ചോദ്യം. അച്ഛന്‍ അന്‍വറും കുട്ടിയുമായി സംസാരിച്ചു.കണ്ടെത്തുമ്പോള്‍ ഭക്ഷണം കഴിക്കാത്തതിനാല്‍ കുട്ടി തീരെ അവശയായിരുന്നുവെന്ന് വിശാഖപട്ടണത്തെ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലായിരുന്നു. ആര്‍.പി.എഫ്. ഉദ്യോഗസ്ഥര്‍ കുട്ടിക്കു ഭക്ഷണം വാങ്ങിനല്‍കി. പിന്നീട് കുട്ടി ഉറങ്ങി.