ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ വാങ്ങാനെന്ന വ്യാജേന ലക്ഷങ്ങൾ തട്ടിയ കേസില്‍ നൈജീരിയൻ സ്വദേശി അറസ്റ്റിൽ
കോഴിക്കോട്: ഒഎൽഎക്സിൽ വില്‍പ്പനയ്ക്ക് വെച്ച ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ വാങ്ങാനെന്ന വ്യാജേന ലക്ഷങ്ങൾ തട്ടിയ കേസില്‍ നൈജീരിയൻ സ്വദേശി അറസ്റ്റിൽ. ബംഗളൂരുവിൽ വെച്ചാണ് കോഴിക്കോട് സിറ്റി സൈബർ ക്രൈം സെൽ ഇയാളെ അറസ്റ്റ് ചെയ്തത്. കേസിൽ രണ്ട് പേർ നേരത്തെ അറസ്റ്റിലായിരുന്നു. ഒഎൽഎക്സിലെ വില്‍പ്പനയുടെ പേരിൽ മൂവരും ചേര്‍ന്ന് 20 ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്.നൈജീരിയൻ സ്വദേശി അകുച്ചി ഇഫിയാനി ഫ്രാങ്ക്ളിനെയാണ് ബംഗളൂരുവിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. നല്ലളം സ്വദേശിയുടെ ആപ്പിൾ ഐ പാഡ് വില്‍പ്പനയ്ക്ക് വെച്ചിരുന്നു. ഇത് വാങ്ങാനെന്ന വ്യാജേനയാണ് പ്രതികൾ പരാതിക്കാരനെ ബന്ധപ്പെട്ടത്. അമേരിക്കയിലെ വെൽസ് ഫാർഗോ എന്ന ബാങ്കിന്റെ വ്യാജ ഡൊമൈൻ നിർമിച്ചു. ഇതുവഴി പണം കൈമാറിയെന്ന രേഖകളും പരാതിക്കാരന് അയച്ചുകൊടുത്തു. തൊട്ടുപുറകേ, ആദായ നികുതി വിഭാഗം ഉദ്യോഗസ്ഥരെന്ന പേരിൽ പരാതിക്കാരന് ഫോൺ വന്നു. വിദേശ വിനിമയ ചട്ടങ്ങൾ ലംഘിച്ചതിന് പിഴയും പിഴപ്പലിശയും സഹിതം വൻതുക ഒടുക്കണമെന്നായിരുന്നു സന്ദേശം. ഇതുപ്രകാരം 19 ലക്ഷം രൂപ പലതവണയായി ഇയാളിൽ നിന്ന് ഭീഷണിപ്പെടുത്തി തട്ടിയെടുത്തെന്നായിരുന്നു പരാതി.വിദ്യാർത്ഥി വിസയിൽ ഇന്ത്യയിലെത്തിയവരാണ് പിടിയിലായ മൂവരും. വിസ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയിലെ വിവിധ ഇടങ്ങളിലായി താമസിക്കുകയായിരുന്നു ഇവർ. വിസ ചട്ടങ്ങൾ ലംഘിച്ചതിനും ഇവർക്കെതിരെ കേസ്സെടുത്തിട്ടുണ്ട്.