പൂരം കലക്കിയതില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങി സര്‍ക്കാര്‍

Spread the love

തൃശ്ശൂര്‍: പൂരം കലക്കിയതില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങി സര്‍ക്കാര്‍. ഡി.ജി.പി യുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ചായിരിക്കും അന്വേഷണം. എഡിജിപി എം.ആര്‍ അജിത് കുമാറിന്റെ ഇടപെടല്‍ അന്വേഷിക്കാന്‍ എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ മറ്റൊരു സംഘത്തേയും നിയോഗിക്കും. അതേസമയം അജിത് കുമാറിന്റെ വീഴ്ചകള്‍ അക്കമിട്ട് നിരത്തിയാണ് മുഖ്യമന്ത്രിക്ക് ഡി.ജി.പി റിപ്പോര്‍ട്ട് നല്‍കിയത്.ആരോപണ വിധേയനായ എഡിജിപി അജിത് കുമാര്‍ തന്നെയാണ് ഡി.ജി.പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട് സംഭവിച്ച കാര്യങ്ങള്‍ വിശദമാക്കിയാണ് റിപ്പോര്‍ട്ട്. എന്നാല്‍ റിപ്പോര്‍ട്ടിലുള്ള കണ്ടെത്തലുകള്‍ പോലീസിന് സംഭവിച്ച ചില കാര്യങ്ങള്‍ മാത്രമേ ചൂണ്ടിക്കാട്ടിയിരുന്നുള്ളൂ. ദേവസ്വം ബോര്‍ഡിനെ അടക്കം പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ചെയ്തു. ഈ റിപ്പോര്‍ട്ട് പൂര്‍ണമായും അംഗീകരിക്കാന്‍ ഡി.ജി.പി തയ്യാറായില്ല. ഒരു വിയോജനക്കുറിപ്പോടെയാണ് ഇത് മുഖ്യമന്ത്രിക്ക് മുന്നിലെത്തിയത്.രണ്ട് തരത്തിലുള്ള അന്വേഷണത്തിനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ക്രൈം ബ്രാഞ്ച് അന്വേഷണം, ജുഡീഷ്യല്‍ അന്വേഷണം എന്നിവയാണ് പരിഗണനയിലുള്ളത്. അതോടൊപ്പം ഡി.ജി.പി യുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നതും പരിശോധിക്കുന്നുണ്ട്. ഡി.ജി.പി യുടെ റിപ്പോര്‍ട്ട് എ.ഡി.ജി.പി യുടെ റിപ്പോര്‍ട്ട് മാത്രം പരിഗണിച്ചുള്ളതല്ല. സ്പെഷല്‍ ബ്രാഞ്ചിന്റെ കണ്ടെത്തലുകളടക്കം പരിഗണിച്ചുള്ളതാണ്. അതാണ് മുഖ്യമന്ത്രിക്ക് മുന്നിലേക്കെത്തിയത്. മന്ത്രിസഭായോഗം പരിഗണിക്കുകയും നിയമോപദേശത്തിനായി പോകുകയും ചെയ്തത്.ഏകോപന ചുമതലയും മേല്‍നോട്ടച്ചുമതലയും ഉണ്ടായിരുന്നത് അജിത് കുമാറിനാണ്. അത്തരത്തില്‍ അദ്ദേഹത്തിന് കൃത്യമായ വീഴ്ചകളുണ്ടായെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. പൂരം അലങ്കോലപ്പെടുന്ന സാഹചര്യമുണ്ടായിട്ടും കൃത്യമായി ഇടപെട്ടില്ലെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *